ലൈസൻസില്ല: ബ്രോക്കർ കമീഷൻ തുക തിരികെ നൽകണമെന്ന് കോടതി
text_fieldsഅബൂദബി: ലൈസൻസില്ലാതെ പ്രവർത്തിച്ച റിയൽ എസ്റ്റേറ്റ് ബ്രോക്കർ ഇടപാടുകാരനിൽനിന്ന് കമീഷനായി വാങ്ങിയ ഒരു ലക്ഷം ദിർഹം തിരികെ നൽകണമെന്ന് ഉത്തരവിട്ട് അബൂദബി വാണിജ്യ കോടതി. വ്യവസായ ആവശ്യത്തിനുള്ള സ്ഥല വിൽപനയുമായി ബന്ധപ്പെട്ട് കമീഷനായി കൈപ്പറ്റിയതായിരുന്നു ഈ തുക. എന്നാൽ, സ്ഥാപനത്തിന് മതിയായ ലൈസൻസില്ലെന്ന് കണ്ടെത്തിയതോടെയാണ് തുക തിരികെ ഉപഭോക്താവിനുതന്നെ നൽകാൻ കോടതി വിധിച്ചത്. ഇയാളുടെ മധ്യസ്ഥതയിൽ രണ്ട് പാർട്ടികൾ തമ്മിൽ സ്ഥലവിൽപന നടത്തിയിരുന്നു. ഇതിന് കമീഷനായി ആകെ മൂന്നു ലക്ഷം ദിർഹമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇടപാട് പൂർത്തിയായാൽ മുഴുവൻ തുകയുടെ ചെക്ക് നൽകണമെന്നായിരുന്നു ധാരണ.
എന്നാൽ, ഇടപാട് വിജയകരമായി പൂർത്തീകരിച്ചെങ്കിലും മൂന്നു ലക്ഷത്തിന് പകരം ഒരു ലക്ഷം ദിർഹമാണ് നിക്ഷേപകൻ നൽകിയത്. തുടർന്നാണ് ഇയാൾ നിക്ഷേപകനെതിരെ കോടതിയെ സമീപിച്ചത്. അതേസമയം, അബൂദബി റിയൽ എസ്റ്റേറ്റ് നിയമപ്രകാരം ബന്ധപ്പെട്ട അതോറിറ്റികളിൽനിന്നുള്ള ലൈസൻസില്ലാതെ ഇടപാടുകാരിൽനിന്ന് കമീഷൻ തുകയോ ഫീസോ കൈപ്പറ്റാൻ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി നിക്ഷേപകനിൽനിന്ന് ഈടാക്കിയ കമീഷനും തിരികെ നൽകാൻ ഉത്തരവിടുകയായിരുന്നു. കൂടാതെ 20,000 ദിർഹം നഷ്ടപരിഹാരമായി നിക്ഷേപകന് നൽകാൻ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

