ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം പരിശോധനയില്ല
text_fieldsദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ പരിശോധനകൾ നടത്തില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന സംവിധാനമാണ് കെ.എച്ച്.ഡി.എ. സ്കൂളുകളിൽ പതിവായി നടത്താറുള്ള പരിശോധനകളാണ് താൽക്കാലികമായി ഈ വർഷം നിർത്തിവെക്കുന്നത്.
ഇതിന് പകരം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക സന്ദർശനങ്ങൾ അധികൃതർ നടത്തും. അതേസമയം പ്രവർത്തനമാരംഭിച്ച് മൂന്നാം വർഷത്തിലെത്തിയ സ്കൂളുകളിൽ സമ്പൂർണ പരിശോധനയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വികസനവുമായി ബന്ധപ്പെട്ട പ്രത്യേക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സന്ദർശനങ്ങളിലൂടെ കെ.എച്ച്.ഡി.എ സ്കൂളുകളുടെ പ്രകടനം നിരീക്ഷിക്കുന്നത് തുടരും. ദുബൈയിലെ സ്വകാര്യ സ്കൂളുകൾ വിദ്യാർഥികളുടെ പഠനത്തിലും ക്ഷേമത്തിലും ആഴത്തിലുള്ള പ്രതിബദ്ധത സ്ഥിരമായി പ്രകടിപ്പിക്കുന്നുണ്ടെന്ന് കെ.എച്ച്.ഡി.എയിലെ വിദ്യാഭ്യാസ ഗുണനിലവാര, കംപ്ലയൻസ് ഏജൻസിയുടെ സി.ഇ.ഒ ഫാത്തിമ ഇബ്രാഹിം ബിൽറഹീഫ് അഭിപ്രായപ്പെട്ടു.
പ്രത്യേക സന്ദർശനങ്ങളിലൂടെയും സ്കൂളുകളുമായുള്ള തുടർച്ചയായ ഇടപെടലുകളിലൂടെയും, ദുബൈയിലെ ഓരോ കുട്ടിക്കും നേതൃത്വത്തിന്റെയും വിദ്യാഭ്യാസ നയത്തിന്റെയും ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം തുടർന്നും ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും -അവർ കൂട്ടിച്ചേർത്തു.
വിദ്യാർഥികളുടെ അക്കാദമിക് പുരോഗതി സ്ഥിരമായി അളക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ സ്കൂളുകളിലും എക്സ്റ്റേണൽ ബെഞ്ച്മാർക്ക് വിലയിരുത്തലുകൾ നടത്തുന്നത് തുടരുമെന്നും സ്കൂളുകൾ അവരുടെ സ്വയം മൂല്യനിർണയ ഫോമുകൾ വഴി പതിവായി അപ്ഡേറ്റുകൾ നൽകേണ്ടതുണ്ടെന്നും കെ.എച്ച്.ഡി.എ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

