ബലി പെരുന്നാൾ അവധി ഭിക്ഷ വേണ്ട; ജാഗ്രത വേണം
text_fieldsദുബൈ:അവധിദിനങ്ങളും ആഘോഷവേളകളും ചൂഷണം ചെയ്യുന്ന യാചകർക്കും തെരുവ് കശാപ്പുകാർക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ്. കഴിഞ്ഞ വർഷം ബലി പെരുന്നാൾ കാലയളവിൽ 50 ഭിക്ഷാടകരെയും തെരുവ് കശാപ്പുകാരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
യാചകർ ഉപയോഗിക്കുന്ന തട്ടിപ്പു മാർഗങ്ങൾ പൊലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപാർട്ട്‌മെന്റിലെ ക്രിമിനൽ ഫിനോമിന ഡിപാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലീം അൽ ശംസി പറഞ്ഞു. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാത്തരം പ്രവണതകളെയും തടയുന്നതിനുള്ള ദുബൈ പൊലീസിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണിത്. ദുബൈ പൊലീസ് നടപ്പാക്കുന്ന ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ഇത്തരം പ്രവണതകൾ തടയുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിന് ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ലക്ഷ്യമിട്ടുള്ളതാണ്.
പരമ്പരാഗത രീതിയിലുള്ളതും അല്ലാത്തതുമായ മുഴവൻ ഭിക്ഷാടനത്തെയും നിയമപരമായി നേരിടുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. സമൂഹത്തിന്റെ സാംസ്കാരിക പ്രതിച്ഛായ നിലനിർത്തുക, ഭിക്ഷാടനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുക, സംഘടിത ഭിക്ഷാടന കുറ്റകൃത്യങ്ങൾ തടയുക എന്നിവയാണ് കാമ്പെയ്‌ന്റെ ലക്ഷ്യങ്ങൾ.
ആരാധനാലയങ്ങൾ, മജ്ലിസുകൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ടെത്തുന്ന പരമ്പരാഗത ഭിക്ഷാടനത്തിന് പുറമെ ഓൺലൈൻ ഭിക്ഷാടനം, വിദേശങ്ങളിൽ പള്ളികൾ നിർമിക്കുന്നതിനായി സംഭാവനകൾ അഭ്യർഥിക്കുക, മാനുഷിക പരിഗണന അർഹിക്കുന്ന കേസുകൾക്ക് സഹായം തേടുക തുടങ്ങിയവ അടക്കമുള്ള ഭിക്ഷാടനങ്ങളെയും ചെറുക്കുന്നതിനായി കാമ്പെയ്ൻ ശ്രദ്ധ ചെലുത്തുമെന്നും ബ്രിഗേഡിയർ അൽ ശംസി വിശദീകരിച്ചു.
വികാരങ്ങളെ ചൂഷണം ചെയ്യൽ
റമദാനിലോ മറ്റ് അവധിദിനങ്ങളിലോ നിലനിൽക്കുന്ന കാരുണ്യത്തിന്റെയും സൽപ്രവൃത്തികളുടെയും വികാരങ്ങളെ ചൂഷണം ചെയ്യാൻ ഭിക്ഷാടകർ ശ്രമിക്കാറുണ്ടെന്ന് ബ്രിഗേഡിയർ അൽ ശംസി ചൂണ്ടിക്കാട്ടി. സഹതാപം പിടിച്ചുപറ്റാൻ കുട്ടികൾ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരെ ചൂഷണം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കുട്ടികളുമായി ഭിക്ഷാടനം നടത്തിയ നിരവധി സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതപരമായ ചടങ്ങുകളിലും അവധിദിനങ്ങളിലും ഭിക്ഷാടകർ ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുന്നുണ്ട്. ഇത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിനും സഹായങ്ങൾ നൽകുന്നതിനും അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷനുകൾ വഴിയുള്ള ഔദ്യോഗിക ചാനലുകൾ നിലവിലുണ്ടെന്ന് ബ്രിഗേഡിയർ അൽ ശംസി ചുണ്ടിക്കാട്ടി. സഹായങ്ങൾ അർഹരായവർക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം സംഭാവന നൽകണം.
തെരുവ് കശാപ്പുകാർ
തെരുവ് കശാപ്പുകാരുമായി ഇടപഴകുന്നതിനെതിരെയും പൊതുജനങ്ങൾക്ക് ബ്രിഗേഡിയർ മുന്നറിയിപ്പ് നൽകി. വൃത്തിഹീനമായ സാഹചര്യങ്ങളിലെ കശാപ്പ് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടസാധ്യതകൾ ഒഴിവാക്കണം. ഇത്തരം പ്രവൃത്തികൾ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഇവരുടെ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ അപര്യാപ്തമാണ്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ, അണുവിമുക്തമാക്കാത്ത വൃത്തിഹീനമായ സ്ഥലങ്ങളിൽ വെച്ചാണ് തെരുവ് കശാപ്പുകാർ മൃഗങ്ങളെ അറക്കുന്നത്. വൃത്തിയാക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്യാതെ ഒരേ ഉപകരണങ്ങൾ തന്നെയാണ് വീടുകളിൽ നിന്ന് വീടുകളിലേക്ക് കൊണ്ടുപോയി ഉപയോഗിക്കുന്നത്’ -അദ്ദേഹം വിശദീകരിച്ചു.
റിപ്പോർട്ട് ചെയ്യാം
ഭിക്ഷാടകരെയോ തെരുവ് കശാപ്പുകാരെയോ കണ്ടാൽ 901 എന്ന ടോൾ ഫ്രീ നമ്പറിലോ ദുബൈ പൊലീസ് സ്മാർട്ട് ആപ്പിൽ ലഭ്യമായ ‘പൊലീസ് ഐ’ സർവീസ് വഴിയോ റിപ്പോർട്ട് ചെയ്യണം. ഓൺലൈൻ ഭിക്ഷാടനം സംബന്ധിച്ച പരാതികൾ ‘ഇ-ക്രൈം’ പ്ലാറ്റ്‌ഫോം വഴിയും റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

