തട്ടിക്കൊണ്ട് പോയി പണം തട്ടാൻ ശ്രമം: ഒമ്പത് പേർ അറസ്റ്റിൽ
text_fieldsയു.എ.ഇയിൽ അറസ്റ്റിലായ ക്രിമിനൽ സംഘം
ദുബൈ: സാമ്പത്തിക തകർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്ന വിഡിയോ ചിത്രീകരിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒമ്പതംഗ സംഘം അറസ്റ്റിൽ. അറബ് വംശജരാണ് പിടിയിലായത്. കേസ് വിചാരണക്കായി പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. പബ്ലിക് പ്രോസിക്യൂഷന്‍റെ ‘മൈ സേഫ് സൊസൈറ്റി’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രിമിനൽ സംഘം പിടിയിലാകുന്നത്.
ഒമ്പത് പേരടങ്ങുന്ന ക്രിമിനൽ സംഘം തട്ടിക്കൊണ്ട്പോയി കൈകൾ ബന്ധിച്ച ശേഷം നഗ്നനാക്കി വിഡിയോ ചിത്രീകരിക്കുകയും പണം തട്ടാൻ ശ്രമിച്ചുവെന്നുമായിരുന്നു ഇരയുടെ പരാതി. തുടർന്ന് അറ്റോണി ജനറലിന്‍റെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ച പബ്ലിക് പ്രോസിക്യൂഷൻ തെളിവുകൾ ശേഖരിക്കുകയും പ്രതികളെ പിടികൂടുന്നതിനായി ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഓഫിസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം അതിവേഗത്തിൽ മുഴുവൻ പ്രതികളേയും പിടികൂടി. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇരയെ പ്രതികളിൽ ഒരാളുടെ വീട്ടിലേക്ക് എത്തിച്ച സംഘം ക്രൂരമായി മർദിക്കുകയും കൈകൾ കെട്ടിയിട്ട ശേഷം നഗ്ന വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഒരാഴ്ചയോളം യുവാവിനെ തടവിൽ വെച്ച പ്രതികൾ നിർബന്ധിച്ച് കടപ്പത്രങ്ങളിൽ ഒപ്പ് വെപ്പിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ നഗ്ന വീഡിയോ പ്രചരിപ്പിച്ച് പണത്തിനായി കുടുംബത്തെ ബ്ലാക്ക്മെയിൽ ചെയ്തതായും കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച വാഹനം, വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ എന്നിവയും അന്വേഷണം സംഘം പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുക എന്നതാണ് ദേശീയ മുൻഗണയെന്നും അത് ഇല്ലാതാക്കാൻ ആരേയും അനുവദിക്കില്ലെന്നും അറ്റോണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ശംസി പറഞ്ഞു. നിഷ്പക്ഷമായി നിയമം നടപ്പിലാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും പബ്ലിക് പ്രോസിക്യൂഷൻ പ്രതിജ്ഞാബദ്ധമാണ്. രാജ്യ സുരക്ഷക്കും സാമൂഹിക സമാധാനത്തിനും ഭീഷണിയാകുന്ന കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

