ദുബൈ സഫാരി പാർക്കിൽ രാത്രി യാത്ര
text_fieldsദുബൈ: ശൈത്യകാലത്തിന് തുടക്കമായതോടെ രാത്രി സന്ദർശകർക്കായി ദുബൈ സഫാരി പാർക്കിൽ സന്ദർശക സമയം നീട്ടി. രാത്രികാലങ്ങളിൽ വന്യജീവികളുടെ സ്വഭാവം നിരീക്ഷിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്ക് രാത്രി സഫാരിക്ക് അവസരം നൽകുകയാണ് ലക്ഷ്യം.
വൈകീട്ട് ആറു മുതൽ എട്ടുവരെയാണ് രാത്രി സഫാരിക്ക് അവസരം. ഡിസംബർ 13 മുതൽ ജനുവരി 12 പരിമിതകാലത്തേക്ക് മാത്രമാണ് രാത്രി സഫാരി അനുവദിക്കുക. രാത്രി സഫാരിക്കുള്ള ടിക്കറ്റുകൾ ഡിസംബർ 11 മുതൽ സഫാരി പാർക്കിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. വൈൽഡ് ലൈഫ് ഗൈഡുകളുടെ നേതൃത്വത്തിലുള്ള രണ്ട് നൈറ്റ് സഫാരികളാണ് സംഘടിപ്പിക്കുക. സിംഹങ്ങൾ, ഹിപ്പോകൾ എന്നിവ ഉൾപ്പെടെ പാർക്കിലെ വന്യമൃഗങ്ങൾ ഏറ്റവും കൂടുതൽ സജീവമാകുന്നത് രാത്രിയിലാണ്.
90ലധികം ജീവിവർഗങ്ങളുടെ രാത്രിയിലെ കാഴ്ചകൾ പകർത്താനുള്ള അസുലഭ അവസരമാണ് രാത്രി സഫാരി വാഗ്ദാനം ചെയ്യുന്നത്. മൃഗങ്ങളുമായി അടുത്ത് ഇടപഴകാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കുമെന്ന് പാർക്ക് അധികൃതർ അറിയിച്ചു. കൂടാതെ ആഫ്രിക്കൻ ഫയർ ഷോ, നിയോ പ്രദർശനം ഉൾപ്പെടെ തത്സമയ പ്രകടനങ്ങളും സഫാരി പാർക്ക് സന്ദർശകർക്കായി ഒരുക്കുന്നുണ്ട്.
വ്യത്യസ്തമായ രാത്രി സഫാരി അവതരിപ്പിക്കുന്നതിലൂടെ രാത്രിയിൽ വന്യ ജീവികളുടെ ലോകത്തെ പരിചയപ്പെടുത്തുന്നതിൽ ആവേശഭരിതരാണെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പൊതു പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും ഡയറക്ടർ അഹമ്മദ് അൽ സറൂണി പറഞ്ഞു.
ദുബൈയിൽ ടൂറിസ്റ്റ് സീസണിന്റെ തിരക്കേറിയ സമയത്താണ് കൂടുതൽ പേരെ പാർക്കിലേക്ക് ആകർഷിക്കാനായി രാത്രി സമയം ദീർഘിപ്പിച്ചിരിക്കുന്നത്. വന്യജീവികളുടെ ആവാസ വ്യവസ്ഥകൾ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്ക് മികച്ച പരിഗണന നൽകുന്നതായും ദുബൈ സഫാരി പാർക്ക് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

