ദേശീയ അണുനശീകരണ യജ്ഞം : രാത്രികാല സഞ്ചാരത്തിന് കടുത്ത നിയന്ത്രണം; ലംഘിച്ചാൽ 3000 ദിർഹം പിഴ
text_fieldsദുബൈ: കോവിഡ് വ്യാപനം തടയുന്നതിനായി ദുബൈയിൽ ഉൗർജിതമാക്കിയ ദേശീയ അണുനശീകരണ യജ്ഞം നടക്കുന്ന സമയത്ത് സഞ്ചാരത്തിന് സമ്പൂർണ വിലക്കേർപ്പെടുത്തി. നിയന്ത്രണങ്ങളിൽ ഒട്ടേറെ ഇളവുകൾ വരുത്തിയെങ്കിലും അണുനശീകരണം നടക്കുന്ന വേളയിൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന കർശന നിർദേശം അധികൃതർ നേരത്തേ പുറപ്പെടുവിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളിൽ പുറത്തിറങ്ങേണ്ടിവരുകയാണെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. അവശ്യസർവിസുകളിൽ പ്രവർത്തിക്കുന്നവർക്കും അനുമതി ആവശ്യമാണ്. നിയമം ലംഘിച്ച് അണുനശീകരണ സമയത്ത് വീടുവിട്ടു പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴയായി ഇൗടാക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.
ദുബൈയിൽ രാത്രി 11 മുതൽ രാവിലെ ആറു വരെയാണ് അണുനശീകരണ യജ്ഞം നടക്കുന്നത്. മറ്റ് എമിറേറ്റുകളിൽ രാത്രി 10നുതന്നെ യജ്ഞം തുടങ്ങും. അണുമുക്തമാക്കൽ പദ്ധതി രാവിലെ ആറുമണി വരെ നീളും. ഇൗ സമയത്ത് ഭക്ഷണം, മരുന്ന് എന്നിവ ശേഖരിക്കുന്നതിനും ആരോഗ്യസംബന്ധമായ അത്യാഹിതങ്ങളുണ്ടായാലും മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂ. ഇതോടൊപ്പം സുപ്രധാനമായ അവശ്യസർവിസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും പുറത്തിറങ്ങാൻ കഴിയും. എന്നാൽ, ഇതിനെല്ലാം www.dxbpermit.gov.ae എന്ന വെബ്സൈറ്റിൽനിന്ന് മുൻകൂർ അനുമതി നേടിയിരിക്കണമെന്നും ദുബൈ പൊലീസ് നിർദേശിച്ചു.