യു.എ.ഇയിൽ രാത്രിയാത്ര പൂർണമായും റദ്ദാക്കി
text_fieldsദുബൈ: അത്യാവശ്യമുണ്ടെങ്കിൽ പോലും രാത്രി പുറത്തിറങ്ങിയാൽ യു.എ.ഇയിൽ കുടുങ്ങും. അണുനശീകരണ പ്രവർത്തനം നടക്കുന്ന ദിവസങ്ങളിൽ രാത്രി പുറത്തിറങ്ങാൻ ഏർപ്പെടുത്തിയിരുന്ന പ്രത്യേക പെർമിറ്റും യു.എ.ഇ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇതോടെ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ ആർക്കും പുറത്തിറങ്ങാൻ കഴിയില്ല. പകൽ സമയങ്ങളിലും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇൗ മാസം അഞ്ച് വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുന്നത്. ഭക്ഷണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കും അതീവ പ്രാധാന്യമുള്ള ജോലികൾക്കുമായി പുറത്തിറങ്ങാൻ നേരത്തെ അനുമതി നൽകിയിരുന്നു. www.move.gov.ae എന്ന സൈറ്റ് മുഖേന അനുമതി തേടിയ ശേഷം പുറത്തിറങ്ങാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ റദ്ദാക്കിയത്. ഇൗ സമയം അനാവശ്യമായി പുറത്തുപോകുന്നവർക്ക് കടുത്ത പിഴ ചുമത്തും.
