ജബൽ ജെയ്സിൽനിന്ന് ബുർജ് അൽഅറബ് വരെ ഓടിത്തീർത്ത് നിക്കോ
text_fieldsനിക്കോ ഡി കൊറാറ്റോ ദുബൈ ബുർജ് അൽഅറബിന് മുന്നിൽ ഫിനിഷ് ചെയ്യുന്നു
ദുബൈ: തണുത്തുറഞ്ഞ ജബൽ ജൈസ് മുതൽ ചൂട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ബുർജ് അൽ അറബ് വരെ രണ്ടുദിവസം കൊണ്ട് ഓടിത്തീർത്തിരിക്കുകയാണ് ഇറ്റലിക്കാരനായ നിക്കോ ഡി കൊറാറ്റോ എന്ന അബൂ ഹംദാൻ. മരുഭൂമിക്ക് നടുവിൽവെച്ച് കാൽമുട്ടിനേറ്റ പരിക്ക് വകവെക്കാതെയാണ് ഇദ്ദേഹം 200 കി.മീ. ഓടിക്കയറിയത്. രണ്ടു ദിവസംകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. യാത്ര തുടങ്ങിയ ജബൽ ജൈസിൽ പൂജ്യം ഡിഗ്രിയായിരുന്നു തണുപ്പ്. ഇവിടെനിന്ന് റാസൽ ഖൈമയിലെ മരുഭൂമി, ഉമ്മുൽ ഖുവൈനിലെ കണ്ടൽ വനം എന്നിവ പിന്നിട്ടായിരുന്നു യാത്ര.
ശൈത്യകാലമാണെങ്കിലും മരുഭൂമിയിൽ 30 ഡിഗ്രിയായിരുന്നു താപനില. മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മൂന്നുതവണ കരുതിയതായും ആത്മവിശ്വാസത്തോടെ കുതിക്കുകയായിരുന്നുവെന്നും നിക്കോ പറയുന്നു. രാവിലെ 6.45ന് തുടങ്ങിയ യാത്ര തൊട്ടടുത്ത ദിവസം വൈകീട്ട് 4.20നാണ് ബുർജ് അൽഅറബിൽ എത്തിയത്. രണ്ട് ദിവസത്തിനിടയിലെ 23 മണിക്കൂറും ഓട്ടത്തിൽ തന്നെയായിരുന്നു. ആദ്യ ദിവസം 100 കിലോമീറ്ററായിരുന്നു ലക്ഷ്യം. രണ്ടാംദിനത്തിലെ ഓട്ടത്തിനിടയിലാണ് മുട്ടുകാലിന് പരിക്കേറ്റത്. ബാൻഡേജ് പോലും കിട്ടാനില്ലാത്ത മരുഭൂമിക്ക് നടുവിലായിരുന്നു അദ്ദേഹം.
കാലിലെ സോക്സ് അഴിച്ച് മുട്ടിൽ ധരിച്ച ശേഷമാണ് യാത്ര തുടർന്നത്. അവസാന 15 കിലോമീറ്ററായിരുന്നു ഏറ്റവും കഠിനം. എങ്കിലും, അദ്ദേഹം യാത്ര പൂർത്തിയാക്കുകയായിരുന്നു. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ചായിരുന്നു ഓട്ടം. ആദ്യമായല്ല നിക്കോ ദീർഘദൂര റൈഡ് നടത്തുന്നത്. 2019 ഡിസംബറിൽ മരുഭൂമിക്ക് നടുവിലൂടെ 140 കി.മീ. ഒറ്റക്ക് ഓടിയിരുന്നു. യു.എ.ഇ ദേശീയദിനത്തിന്റെ ഭാഗമായായിരുന്നു ഓട്ടം. 2004 മുതൽ യു.എ.ഇയിലെ പ്രവാസിയാണ് നിക്കോ.