പുതുവൽസരാഘോഷം: മുന്നൊരുക്കങ്ങളുമായി പൊലീസും ആർ.ടി.എയും മുന്നൊരുക്കങ്ങളുമായി പൊലീസും ആർ.ടി.എയും
text_fieldsദുബൈ: പുതുവൽസരാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വൻ തിരക്ക് നിയന്ത്രിക്കാൻ ദുബൈ പൊലീസും ആർ.ടി.എയും നടപടികൾ പ്രഖ്യാപിച്ചു. റോഡുകൾ അടച്ചും പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കിയും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത ആഘോഷം സമ്മാനിക്കാനാണ് പദ്ധതി.
റോഡുകളും തെരുവുകളും അടക്കും
ആഘോഷം സുഗമമാക്കുന്നതിെൻറ ഭാഗമായി മുഹമ്മദ് ബിൻ റാശിദ് ബുലെവാർഡ് ഡിസംബർ 31 ന് വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ അടക്കും. പാർക്കിങ് നിറഞ്ഞാൽ അതിന് മുമ്പ് തന്നെ പ്രവേശനം അസാധ്യമായേക്കും. ഇങ്ങോേട്ടക്ക് വരുന്നവർ അഞ്ചിന് മുമ്പ് എത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ സെൻറർ സ്ട്രീറ്റ്, അൽ സൂഖ് സ്ട്രീറ്റ് എന്നിവ രാത്രി എട്ടിന് പൂട്ടും. ഉൗദ് മേത്ത സ്ട്രീറ്റിൽ നിന്ന് ഫിനാൻഷ്യൽ സെൻറർ സ്ട്രീറ്റിലേക്കുള്ള അൽ അസായേൽ സ്ട്രീറ്റ് വൈകിട്ട് നാല് മുതൽ പൊതുവാഹനങ്ങൾക്കും അടിയന്തിര സാഹചര്യം നേരിടാൻ പോകുന്ന വാഹനങ്ങൾക്കും മാത്രമായി നിയന്ത്രിക്കപ്പെടും.
അൽ സാദ റോഡിൽ അൽ മുറൂജ് ജംഗ്ഷൻ മുതൽ ബുർജ് ഖലീഫയിലേക്കും ടണലിലേക്കുമുള്ള ഭാഗം വൈകിട്ട് ആറിന് അടക്കും. എമിറേറ്റ് ടവറിലേക്കുള്ള ജംഗ്ഷൻ രാത്രി എട്ടിനും അടക്കും. ദുബൈ പൊലീസിെൻറ സഹായത്തോടെ ആർ.ടി.എയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ രാത്രി 10 മണി വരെ മാത്രമെ പ്രവർത്തിക്കൂ. ബുർജ് ഖലീഫ മെട്രോ സ്റ്റേഷനും ബിസിനസ് ബേ മെട്രോ സ്റ്റേഷനും സമീപത്തുള്ള ക്രോസിങുകൾ വഴിവേണം കാൽനട യാത്രികർ ശൈഖ് സായദ് റോഡ് മുറിച്ചു കടക്കാൻ.
യാത്രക്ക് 170 സൗജന്യ ബസുകൾ
ആഘോഷം നടക്കുന്നിടത്തു നിന്ന് ജനങ്ങളെ യാത്രാ സൗകര്യം ലഭ്യമാകുന്ന വിവിധയിടങ്ങളിലെത്തിക്കാൻ 170 ബസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ യാത്ര സൗജന്യമാണ്. ബുർജ് ഖലീഫ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ജാഫിലിയ സ്റ്റേഷനിലേക്കും മൻഖൂൽ പ്രാർത്ഥനാ മൈതാനത്തേക്കും ജനങ്ങളെ എത്തിക്കാൻ ശൈഖ് സായദ് റോഡ് വഴി 90 ബസുകൾ സർവീസ് നടത്തും. ബുർജ് ഖലീഫ മെട്രോ സ്റ്റേഷനിൽ നിന്ന് നൂർ ബാങ്ക് സ്റ്റേഷനിലേക്ക് 20 ബസുകൾ ഒാടിക്കും. വാഹന പാർക്കിങിന് നീക്കിവച്ചിരിക്കുന്ന അൽ വാസൽ ക്ലബ്, ജാഫിലിയ, ദേര സിറ്റി സെൻറർ എന്നിവിടങ്ങളിലേക്ക് ഫിനാൻഷ്യൽ സെൻറർ സ്ട്രീറ്റിൽ നിന്ന് ആളുകളെ എത്തിക്കാൻ 35 ബസുകൾ ഉണ്ട്. അൽ ജാഫിലിയ സ്റ്റേഷനിലേക്കും മൻഖൂൽ പ്രാർത്ഥനാ മൈതാനത്തേക്കും ഫിനാൻഷ്യൽ സെൻറർ സ്ട്രീറ്റിൽ നിന്ന് 20 ബസുകൾ ഒാടിക്കും. നൂർ ബാങ്ക് മെട്രോ സ്റ്റേഷനിലേക്ക് ദുബൈ വാട്ടർ കനാലിൽ നിന്ന് അഞ്ച് ബസുകളിൽ യാത്രികർ എത്തും. ഇൗ സംവിധാനം ഉപയോഗിച്ച് രാത്രി 12 നും പുലർച്ചെ നാലിനുമിടയിൽ 23100 പേർക്ക് യാത്ര ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിപാടി നടക്കുന്നിടത്തേക്ക് എത്താൻ കഴിവതും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചിടുണ്ട്.
പാർക്കിങിന് കൂടുതൽ സ്ഥലം
ബുർജ് ഖലീഫയിലെ പരിപാടികൾ കാണാൻ എത്തുന്നവർക്കായി 4000 പാർക്കിങ് ഇടങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. അൽ വാസൽ ക്ലബിൽ 1000, അൽ ജാഫിലിയയിലെ ജനറൽ ഡയറക്ട്രേറ്റ് ഒാഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സിൽ 500, മൻഖൂൽ പ്രാർത്ഥനാ മൈതാനത്ത് 1500, വാട്ടർ കനാൽ 1000 എന്നിങ്ങനെയാണ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇൗ അവസരത്തിൽ ടാക്സികൾ 18000 ട്രിപ്പുകൾ നടത്തുമെന്നും ഇതിലൂടെ 38500 യാത്രികർ സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
മെട്രോ കൂടുതൽ സമയം ഒാടും
ഡിസംബർ 31 ന് മെട്രോ റെഡ് ലൈൻ സർവീസ് രാവിലെ അഞ്ച് മണിക്ക് തുടങ്ങും. ഗ്രീൻ ലെൻ 5.30 നായിരിക്കും പ്രവർത്തനം ആരംഭിക്കുക. പിറ്റേന്ന് പുലർച്ചെ ഒരു മണി വരെ സർവീസ് നീളും.
മുന്നറിയിപ്പുകൾ ശ്രദ്ധിക്കാം
പാർക്കിങ് സൗകര്യം എവിടെയൊക്കെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന 62 സൂചനാ േബാർഡുകൾ ആർ.ടി.എ. സ്ഥാപിക്കും.
തിരക്കുള്ള റോഡുകൾക്ക് പകരം ഉപയോഗിക്കാവുന്ന റോഡുകൾ വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപിക്കും. പരിപാടികൾ നടക്കുന്നിടത്തേക്ക് കാൽ നടക്കാർക്ക് അനായാസം എത്തുന്നതിന് 67 സൂചനാ ബോർഡുകളും ഉണ്ടാവും. തൽസമയ നിർദേശങ്ങൾ നൽകാൻ ലൈറ്റ് സിഗ്നലുകളും ഉണ്ടാവും.
ദുബൈ വാട്ടർ കനാലിന് മുകളിൽ കാൽനടക്കാർക്കായി സ്ഥാപിച്ചിരിക്കുന്ന മേൽപാലം അടച്ചിടും. വാട്ടർ കനാലിന് മുകളിൽ ശൈഖ് സായദ് റോഡിലുള്ള വാക്വേയും അടക്കും. ക്രമീകരണങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് 8009090 എന്ന ടോൾഫ്രീ നമ്പറും ആർ.ടി.എ. ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
