പുതുവര്‍ഷത്തില്‍ ദശലക്ഷം സന്ദര്‍ശകര്‍ക്ക് റാസല്‍ഖൈമ ആതിഥ്യമരുളും
text_fieldsറാസല്‍ഖൈമ: 2018ല്‍ ദശലക്ഷം സന്ദര്‍ശകര്‍ റാസല്ഖൈമയിലെത്തുമെന്ന് അധികൃതര്‍. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ നായകത്വത്തില്‍ വിവിധ മേഖലകളില്‍ വന്‍ വികസന പ്രവൃത്തികളാണ് 2017ല്‍ റാസല്‍ഖൈമയില്‍ നടന്നത്.
സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, വാണിജ്യം, വ്യവസായം, വിനോദം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രസ്തുത വകുപ്പുകള്‍ നൂതന ആശയങ്ങളിലൂന്നിയാണ് പ്രവര്‍ത്തിച്ചത്. സമൂഹ സുരക്ഷയുമായി ബന്ധപ്പെട്ട് നിര്‍ബന്ധമാക്കിയ സുരക്ഷാ ക്യാമറകളുടെ സ്ഥാപന പ്രവൃത്തികളുമായി മിക്ക സ്ഥാപനങ്ങളും സഹകരിച്ചു.
ഒരു ലക്ഷം ക്യാമറകളാണ് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഘടിപ്പിച്ചതെന്ന് റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു. സമൂഹ നന്മയും രാജ്യ സുരക്ഷയുമാണ് പരമ പ്രധാനം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. പുതു വര്‍ഷത്തിലെ കര്‍മപദ്ധതികളുടെ ആലോചന യോഗത്തില്‍ അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
ഫ്രീ ട്രേഡ് സോണും ഇന്‍വെസ്റ്റ്മെൻറ് അതോറിറ്റിയും റാക് എക്കണോമിക് സോണിന് (റാകിസ്) കീഴില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചത് വ്യവസായ മേഖലക്ക് ഉണര്‍വേകിയതായി റാകിസ് ചെയര്മാന് ശൈഖ് അഹമ്മദ് ബിന്‍ സഖര്‍ ആല് ഖാസിമി അഭിപ്രായപ്പെട്ടു. നൂറിലേറെ രാജ്യങ്ങളില്‍ നിന്ന് മള്‍ട്ടി നാഷനല്‍ കമ്പനികള്‍ ഉള്‍പ്പെടെ 13,000ലേറെ സ്ഥാപനങ്ങളും സ്വന്തമായി 33 ദശലക്ഷം ചതുരശ്ര വിസ്തൃതിയിലുള്ള ഭൂമിയുമുള്ള റാകിസ് ഈ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായി മാറി.
റാകിസിെൻറ അല്‍ ഗൈല്‍ ഇന്‍ഡസ്ട്രിയല്‍ സോണില്‍ 40 മില്യന്‍ ദിര്‍ഹം ചെലവില്‍ പുതിയ വാഹന പാര്‍ട്സ് നിര്‍മാണശാല ഈ വര്‍ഷത്തെ പ്രധാന സംരംഭമാണ്. ഇന്ത്യയില്‍ നിന്നുള്ളവരാണ് ഓട്ടോ ലേസര്‍ സ്ഥാപനത്തിന് പിന്നില്‍. അശോക് ലൈലൻറുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ജനുവരിയിലാണ് പ്രവര്‍ത്തനം തുടങ്ങുകയെന്ന് റാകിസ് ഗ്രൂപ്പ് സി.ഇ.ഒ റാമി ജല്ലാഡ് പറഞ്ഞു.
ലോക വിനോദ ഭൂപടത്തില്‍ അതിവേഗം വളര്‍ച്ച രേഖപ്പെടുത്തുന്ന പട്ടികയിലാണ് റാസല്‍ഖൈമയുടെ സ്ഥാനമെന്ന് റാക് ടൂറിസം ഡെവലപ്പ്മെൻറ് അതോറിറ്റി (റാക് ടി.ഡി.എ) സി.ഇ.ഒ ഹൈത്തം മത്താര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2017 ആദ്യ പകുതിയില്‍ മാത്രം വിവിധ രാജ്യങ്ങളില്‍ നിന്നായി 17.4 ശതമാനം അധികം സന്ദര്‍ശകരാണ് റാസല്‍ഖൈമയിലെത്തിയത്. ഹോട്ടല്‍ മേഖല മികച്ച നേട്ടം കൈവരിച്ചു. റവന്യൂവില്‍ 12.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2018ല്‍ ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ജബല്‍ ജൈസില് സംഘടിപ്പിച്ച സംഗീത നിശ, മര്‍ജാന്‍ ഐലൻറിൽ ഒരുക്കുന്ന വെടിക്കെട്ട് തുടങ്ങിയവ ലോക സഞ്ചാരികളുടെ മനസില്‍ റാസല്‍ഖൈമയുടെ സ്ഥാനം ഉറപ്പിക്കും.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളില്‍ റാക് ടി.ഡി.എ നടത്തുന്ന പ്രചരണങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ജര്‍മന്‍ ട്രാവല്‍ അസോസിയേഷന്‍െറ 67ാമത് വാര്‍ഷിക കണ്വെന്ഷന് റാക് റിക്സോസില് റാക് ടി.ഡി.എയാണ് ആതിഥ്യം വഹിച്ചത്. ജര്‍മനിയില്‍ നിന്നുള്ള 700ഒളാം ട്രാവല്‍ ട്രേഡ് പ്രൊഫഷനലുകൾ പങ്കെടുത്ത കണ്വെന്ഷന് വലിയ സാധ്യതകളാണ് റാസല്‍ഖൈമക്ക് തുറന്നിടുന്നത്. എമിറേറ്റ്സ് പാതയുടെ വിപുലീകരണ പ്രവൃത്തികളുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും ജബല്‍ ജൈസ് കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ വിനോദ സംവിധാനങ്ങളും പൂര്‍ത്തീകരിക്കുന്നതോടെ റാസല്‍ഖൈമക്ക് പുതിയ മുന്നേറ്റം കൈവരുമെന്നും ഹൈത്തം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
