Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുരക്ഷിതമാവട്ടെ,...

സുരക്ഷിതമാവട്ടെ, വേനല്‍ക്കാലം

text_fields
bookmark_border
സുരക്ഷിതമാവട്ടെ, വേനല്‍ക്കാലം
cancel

അബൂദബി: വേനല്‍ക്കാലത്ത് ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് 'സേഫ് സമ്മര്‍' (സുരക്ഷിത വേനല്‍ക്കാലം) ബോധവത്കരണ കാംപയിന്‍ ആരംഭിച്ചു. ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമുള്ള കാമ്പയിന്‍ ആഗസ്ത് 30 വരെ നീളും. വേനല്‍ക്കാലത്ത് ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സഹായിക്കുന്ന പ്രതിരോധ ശീലങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.

വേനല്‍ അവധിയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സ്വിമ്മിങ് പൂളുകളിലോ ഷോപ്പിങ്ങിനോ പോകുമ്പോഴോ വാഹനങ്ങള്‍ക്കുള്ളിലോ കുട്ടികളെ തനിച്ചാക്കരുത്. ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകും. കുട്ടികള്‍ ആധുനിക സാങ്കേതികവിദ്യകളും ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെയും കൗമാരക്കാരുടെയും പെരുമാറ്റത്തെയും മാനസിക, സാമൂഹിക ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന അക്രമാസക്തമായ ഇലക്ട്രോണിക് ഗെയിമുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

വിവിധ മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, കമ്യൂണിറ്റി കൗണ്‍സിലുകള്‍, ഫീല്‍ഡ് പ്രോഗ്രാമുകള്‍ എന്നിവ വഴി കാമ്പയിന്‍ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. വേനലവധിക്ക് വിദേശങ്ങളിലേക്കും മറ്റും യാത്ര പോകുന്നവര്‍ വീടുകളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അബൂദബി പൊലീസ് ഓർമിപ്പിച്ചു. സ്മാര്‍ട്ട് സെക്യൂരിറ്റി സിസ്റ്റങ്ങള്‍, അലാറം ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുകയും പണവും വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുകയും വേണം.

റോഡ് സുരക്ഷയുടെ ഭാഗമായി വാഹനമോടിക്കുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ മികച്ച അവസ്ഥയിലാണെന്ന് ഉറപ്പാക്കണം. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില കാരണം ടയറുകള്‍ പൊട്ടിത്തെറിക്കുന്നതും വാഹനങ്ങള്‍ക്ക് തീപിടിക്കുന്നതും തടയാന്‍ കൃത്യമായ ടയര്‍ പരിശോധന നടത്തുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. പൊതുസുരക്ഷ നിലനിര്‍ത്തുന്നതില്‍ പ്രതിരോധം എന്നത് സമൂഹത്തിന്‍റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കാന്‍ 'അമാന്‍' സര്‍വീസിന്‍റെ 8002626 എന്ന നമ്പറിലോ, 2828 എന്ന നമ്പറിലേക്ക് എസ്.എം.എസ് വഴിയോ, aman@adpolice.gov.ae എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാം.

വേനല്‍ക്കാലത്ത് തീപിടിത്തങ്ങളും മറ്റ് അപകടങ്ങളും കുറയ്ക്കുന്നതിനുള്ള വിപുലമായ പദ്ധതികളുമായാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റി കാമ്പയിനില്‍ പങ്കാളികളാകുന്നത്. വീടുകള്‍, ജോലിസ്ഥലങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, പ്രത്യേകിച്ച് വൈദ്യുത കണക്ഷനുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. തീപിടിത്തം മുന്‍കൂട്ടി തിരിച്ചറിയുന്നതിനുള്ള ഫയര്‍ ഡിറ്റക്ഷന്‍-അലാറം സംവിധാനങ്ങള്‍ സ്ഥാപിക്കുകയും 'ഹസന്‍തുക്' സിസ്റ്റത്തില്‍ സബ്സ്‌ക്രൈബ് ചെയ്യുകയും വേണം. അപകടങ്ങള്‍ തടയാന്‍ വ്യക്തികളും സ്ഥാപനങ്ങളും സുരക്ഷാ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulfnewsUAEgulfnewsmalayalam
News Summary - സുരക്ഷിതമാവട്ടെ, വേനല്‍ക്കാലം
Next Story