ഷാർജ ഡ്രെയിനേജ് പദ്ധതി അധിവേഗം പുരോഗമിക്കുന്നു
text_fieldsഷാർജ: ഭൂഗർഭ ജല സംരക്ഷണത്തിനും മഴവെള്ളം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമായി ഷാർജയിൽ പ്രഖ്യാപിച്ച സമഗ്ര ഡ്രെയിനേജ് പദ്ധതി അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം പിന്നിട്ടതായും നൂതനമായ നടപ്പാക്കൽ ഘട്ടത്തിലേക്കെത്തിയതായും ഷാർജ പൊതുമരാമത്ത് വകുപ്പ് ചെയർമാൻ അലി ബിൻ ഷഹീൻ അൽ സുവൈദി അറിയിച്ചു.
13 മുതൽ 20 മീറ്ററിലധികം ആഴത്തിലാണ് ഓവുചാൽ ലൈനുകൾ വ്യാപിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ നഗരത്തിലുടനീളമുള്ള 22 സുപ്രധാന മേഖലകൾക്ക് പ്രയോജനം ലഭിക്കും. തുടർന്ന് മുവൈല ജില്ല വരെ 42 മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
2027 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024ൽ ആണ് 50 കോടി ദിർഹം ചെലവ് വരുന്ന ‘മിഡിൽ ലൈൻ പ്രൊജക്ട്’ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ കിങ് അബ്ദുൽ അസീസ് സ്ട്രീറ്റ്, കൾച്ചറൽ സ്ക്വയർ വരെ നീളുന്ന അൽ വഹ്ദ റോഡ്, അൽ മജാസ് 2 ഉൾപ്പെടുന്ന കിങ് ഫൈസൽ സ്ട്രീറ്റ്, കോർണിഷ് മേഖല, ചുറ്റുമുള്ള അനുബന്ധ റോഡുകൾ എന്നിവക്ക് പ്രയോജനപ്പെടും.
എമിറേറ്റിൽ മഴവെള്ള നിയന്ത്രണവും പ്രളയ സാധ്യതകൾ കുറക്കാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ആകെ നീളം16 കിലോമീറ്ററാണ്. അൽ ഗുബൈ, അൽ സോർ എന്നിവിടങ്ങളിൽ രണ്ട് പ്രധാന പമ്പിങ് സ്റ്റേഷനുകളുടെ നിർമാണമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുക. സെക്കൻഡിൽ 6.2 ക്യുബിക് മീറ്റർ ജലം ഉൾകൊള്ളാൻ അൽ ഗുബൈബ സ്റ്റേഷന് ശേഷിയുണ്ട്.
അൽ ഗുബൈബ, അൽ തല, അൽ റിഫ, അൽ ഷബ, അൽ ദറാറി, അൽ തർഫ, ദസ്മാൻ, സംനാൻ, ഇൻഡസ്ട്രിയൽ ഏരിയ 4ലെ വിവിധ ഭാഗങ്ങൾ, അൽ വഹ്ദ സ്ട്രീറ്റ്, വാസിത് സ്ട്രീറ്റ്, അബു ഷഗാര ടണൽ എന്നിവിടങ്ങളിൽ സേവനം ലഭിക്കും. സെക്കൻഡിൽ 5.7 ക്യുബിക് മീറ്ററാണ് അൽ സോർ സ്റ്റേഷന്റെ ശേഷി.
അൽ സുവൈഹീൻ, അൽ ഗുവൈർ, അൽ മുസല്ല, അൽ മനാക, അൽ യർമൂക്, അൽ മുറൈജ, ഉമ്മുൽ തരറ, അൽ മഹത്ത, അൽ ജുബൈ, അൽ സോർ, അൽ നാദ്, അൽ മജാസ്, അബു ഷഗാര, കിങ് ഫൈസൽ റോഡിന്‍റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇതു വഴി സേവനം ലഭിക്കും.
രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. 2027ന്‍റെ ആദ്യ പാദത്തിൽ രണ്ടാം ഘട്ടവും പൂർത്തിയാകും. 651 തൊഴിലാളികളാണ് പദ്ധതിക്കാണ് പ്രവർത്തിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

