ഓടക്കുഴലിൽ വിസ്മയമായി ഹരിചന്ദന
text_fieldsമാന്ത്രികമായ ഓടക്കുഴൽ നാദം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയമാവുകയാണ് അൽഐനിലെ കൊച്ചു പ്രതിഭ ഹരിചന്ദന ഹനീഷ്. ഗായിക, ചിത്രകാരി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം പ്രാഗൽഭ്യം തെളിയിച്ച പ്രതിഭയാണ്. കുഞ്ഞു നാളിലെ മകൾക്ക് സംഗീതത്തോടുള്ള അഭിനിവേഷം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ സംഗീത പഠനത്തിന് അയക്കുകയായിരുന്നു.
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോയാണ് ആദ്യ സ്റ്റേജ് അവതരണം. തൃശ്ശൂരിൽ നടന്ന പരിപാടിയിൽ ഏറ്റവും കൂടുതൽ സമയം ഓടക്കുഴൽ വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഹരിചന്ദന ഇടം നേടി. ഏഴു വയസ്സുകാരിയായ കുട്ടി ഏറ്റവും കൂടുതൽ സമയം ഓടക്കുഴൽ വായിച്ചതിനായിരുന്നു റെകോഡ്. 2022 ഏപ്രിലിൽ എട്ടാം വയസ്സിൽ ഹിന്ദി, മലയാളം, തമിഴ് എന്നീ മൂന്ന് ഭാഷകളിലായി 10 ഗാനങ്ങളിൽ അവർ തുടർച്ചയായി ഓടക്കുഴൽ വായിച്ച് ചരിത്രം സൃഷ്ടിച്ചു.
ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബാല എഴുത്തുകാരിൽ ഒരാളുകൂടിയാണ് ഹരിചന്ദന. ‘രാവോ രാവോ പ്ലീസ് ഷട്ട് അപ്പ്’ എന്ന ഹരിചന്ദന എഴുതിയ ഇംഗ്ലീഷ് കഥ 2024ൽ ബ്രി ബുക്സ് പുസ്തകമാക്കിയിരുന്നു. യു.എ.ഇയിൽ നൂറിലധികം സ്റ്റേജ് പ്രകടനങ്ങളും ഹരിചന്ദന പൂർത്തിയാക്കിയിട്ടുണ്ട്. അൽഐനിൽ നടന്ന പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹരിചന്ദനയെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീര് പ്രത്യേകം അഭിനന്ദിച്ചിരുന്നു. കുഞ്ഞി നീലീശ്വറിന്റെ ബാൻഡിൽ യു.എ.ഇയിലെ നിരവധി സ്റ്റേജുകളിൽ പരിപാടി അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ ആൽബത്തിൽ സംഗീതം അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന കീഫ്രെയിംസ് മ്യൂസിക് ക്ലബ്ബിൽ അംഗമാണ്.
അൽഐനിലെ മ്യൂസിക് ബാൻഡായ മെഡ്ലീസ് ബാൻഡിലെ പ്രധാന അംഗങ്ങളിൽ ഒരാളാണ്. ലൈവ് ഓർക്കസ്ട്രയുടെ കീഴിൽ നിരവധി സ്റ്റേജുകളിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആറ് വർഷത്തിലേറെയായി ഓടക്കുഴൽ, കർണാടക സംഗീതം എന്നിവ പഠിക്കുന്നു. ഓൺലൈൻ ക്ലാസ്സിലൂടെയാണ് എല്ലാ പഠനവും. സുരേഷ് കുമാർ ദാസിന് കീഴിലാണ് സംഗീത പഠനം.
ഓടകുഴൽ അഭ്യസിക്കുന്നത് ആന്റണി പൂങ്കാവിന് കീഴിലാണ്. മത്സരവേദികളിൽ തന്നെക്കാൾ മുതിർന്നവർക്കൊപ്പം ലൈറ്റ് മ്യൂസിക്, കർണാട്ടിക് മ്യൂസിക്, സിനിമ ഗാനങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും അവരെയെല്ലാം പരാജയപ്പെടുത്തി ജേതാവാകുകയും ചെയ്തിരുന്നു. സ്റ്റാർക്കിഡ്സ്, സിങ് അൻ വിൻ പോലുള്ള പ്രമുഖ ഷോകളിൽ ടോപ്പ് ഫൈവിലെത്താനും സാധിച്ചു. അൽഐനിലെ ബ്ലൂ സ്റ്റാർ, മലയാളീസമാജം, ഇന്ത്യൻ സോഷ്യൽ സെന്റർ, സേവനം തുടങ്ങിയ സംഘടനകളുടെ സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ച് നിരവധി മെഡലുകളും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യൻ സോഷ്യൽ സെന്ററിലെ മ്യൂസിക് ക്ലബ്ബിലും അംഗമാണ്.
അൽഐൻ ജൂനിയേഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയും സ്കൂൾ അംബാസഡറുമായ മിടുക്കി സംഗീതത്തിലും ഇൻസ്ട്രുമെന്റ് മ്യൂസിക്കിലും ഒരുപോലെ സ്കൂളിലും പ്രവീണ്യം പ്രകടമാക്കിയിട്ടുണ്ട്.തൃശൂർ, കൊടുങ്ങല്ലൂർ, വള്ളിവട്ടം സ്വദേശയായ പിതാവ് ഡോ. ഹനീഷ് ഹെൽത്ത്കെയർ കമ്പനി ഓപ്പറേഷൻ ഡയറക്ടറാണ്. അമ്മ ലിജി ഹനീഷ് സ്വകാര്യ സ്ഥാപനത്തിലെ സംരംഭകയാണ്. അൽഐൻ ജൂനിയേഴ്സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരുഷ് ഹനീഷ് ആണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

