മൂന്നരപ്പതിറ്റാണ്ടിന്റെ പ്രവാസം: അഷ്റഫ് ഹാജി നാട്ടിലേക്ക്
text_fieldsഅഷ്റഫ് ഹാജി
അബൂദബി: 35 വര്‍ഷം മുമ്പ് പ്രവാസമണ്ണിലെത്തിയ കാസര്‍കോട് തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി അഷ്റഫ് ഹാജിയുടെ സേവനം ഇനി ജന്മനാട്ടില്. 1989 ഒക്ടോബര്‍ 10ന് ബോംബെ വഴിയാണ് ദുബൈയില്‍ എത്തിയത്. പത്തു വര്‍ഷക്കാലം ദുബൈയില്‍ വ്യത്യസ്ത കമ്പനികളിലായി ജോലി ചെയ്തു. 2000 മാര്‍ച്ചില്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസി കമ്പനിയില്‍ സെയില്‍സ്മാനായി. അബൂദബി-അല്‍ ഐന്‍ മാര്‍ക്കറ്റിങ് ചുമതലയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
25 വര്‍ഷവും ഫാര്‍മസി മേഖലയില്‍തന്നെ ജോലി ചെയ്താണ് പ്രവാസത്തോട് വിടപറയുന്നത്. പയ്യന്നൂര്‍ കാങ്കോല്‍ കെ.പി.സി. ഇബ്രാഹിം ഹാജിയുടെ മകനായ അഷ്റഫ് ഹാജി സ്വന്തമായിരുന്ന ലോറി വിറ്റാണ് പ്രവാസത്തിലേക്ക് കടക്കുന്നത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിന് അറുതിയായതും ഇവിടെ ജോലി ആരംഭിച്ചതോടെയാണ്. ഹജ്ജ്, ഉംറകള്‍ നിര്‍വഹിച്ചതും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കാന് സാധിച്ചതും സ്വന്തമായി വീട് നിര്‍മിച്ചതുമെല്ലാം പ്രവാസജീവിതത്തിന്റെ നേട്ടങ്ങളാണ്.
ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ വലിയ സമ്പാദ്യങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കുറെ നന്മകള് ചെയ്യാനും മറ്റുള്ളവര്‍ക്ക് തണലാകാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഐ.സി.എഫ് നാദ്സിയ സെക്ടര്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ്, കാങ്കോല്‍ മദാര്‍ കമ്മിറ്റി ചെയര്മാന്, തളിപ്പറമ്പ് അല്‍ മഖര്‍ തുടങ്ങിയ സ്ഥാപന സംഘടനകളിലൂടെയാണ് പ്രവര്‍ത്തനരംഗത്ത് സജീവമായത്.
ഭാര്യയും മൂന്ന് ആണ്മക്കളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന സന്തുഷ്ട കുടുംബത്തോടൊപ്പം ശിഷ്ടജീവിതം നാട്ടില്‍ സാമൂഹിക സേവന ദീനീ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് 59 വയസ്സ് പിന്നിട്ട ഹാജിയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

