രുചിവൈവിധ്യങ്ങൾക്ക് സ്വാഗതം; ഗൾഫുഡിന് നാളെ തുടക്കം
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമേളയായ ഗൾഫുഡിന്റെ 30ാം പതിപ്പിന് ഫെബ്രുവരി 17 മുതൽ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാവും. ‘ദ നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഭക്ഷ്യ മേളയിൽ 129 ലോക രാജ്യങ്ങളിൽനിന്നായി 5,500 പ്രദർശകർ 10 ലക്ഷത്തിലധികം വൈവിധ്യമാർന്ന ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 2000 കോടി ഡോളറിന്റെ വ്യാപാര ഇടപാടുകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വമ്പൻ ബഹുരാഷ്ട്ര കമ്പനികൾ മുതൽ സ്റ്റാർട്ടപ് ഭക്ഷ്യ സംരംഭങ്ങൾ വരെ പ്രദർശകരിൽ ഉൾപ്പെടുന്നു. 1.3 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള 24 പ്രദർശന ഹാളുകൾ ഇവിടെ എത്തുന്നവർക്ക് സന്ദർശിക്കാം. പുതിയ ഉൽപന്നങ്ങൾ, ചേരുവകൾ, രുചികൾ എന്നിവ പുറത്തിറക്കുന്ന കമ്പനികളുമായി സംവദിക്കാം.
അവരുടെ പാചക വൈദഗ്ധ്യം നേരിട്ട് അനുഭവിച്ചറിയാം. വാണിജ്യ-വ്യാപാര കരാറുകളിൽ ഏർപ്പെടാം. യു.എസ്, ഫ്രാൻസ്, ബ്രസീൽ, യു.കെ, ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ആസ്ട്രേലിയ, കൊസോവോ, മഡഗാസ്കർ, മൊറീഷ്യസ്, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ സാന്നിധ്യമറിയിക്കും.
യു.എ.ഇയിലെ പ്രമുഖ മൊത്ത വ്യാപാര ശൃംഖലയായ ജലീൽ ക്യാഷ് ആൻഡ് ക്യാരി, ടേസ്റ്റിഫുഡ്, അബീവിയ, ഈസ്റ്റേൺ, ആർ.കെ.ജി തുടങ്ങിയവരും മേളയിൽ പങ്കാളികളാകും. ഭക്ഷ്യ രംഗത്തെ വിവിധ കമ്പനികളുടെ ഏറ്റവും പുതിയ ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങും പ്രദർശനത്തിലുണ്ടാകും. കൂടാതെ ലോകത്തെ ഏറ്റവും പ്രശസ്തരായ ഷെഫുമാരെ നേരിട്ട് അറിയാനും അവരുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ പരീക്ഷിക്കാനും അവസരമുണ്ടാകും. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മേള 21ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

