ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ; ആറ് രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി
text_fieldsദുബൈ: കൂടുതൽ ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ സൗകര്യം ഏർപ്പെടുത്തി. ആറ് രാജ്യങ്ങളിൽ റെസിഡൻസി വിസയുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകളിലേക്കാണ് ഈ ആനുകൂല്യം വ്യാപിപ്പിച്ചത്. സിംഗപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നിവയുടെ റെസിഡൻസി വിസയുണ്ടെങ്കിൽ അവർക്ക് യു.എ.ഇയിൽ ഓൺ അറൈവൽ വിസ ലഭ്യമാകും.
നേരത്തേ യു.എസ്, യു.കെ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ താമസവിസയുള്ളവർക്ക് ഈ ആനൂകൂല്യം ലഭിച്ചിരുന്നു. ഫെബ്രുവരി 13 മുതൽ പുതുതായി അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർക്ക് വിസയില്ലാതെ യു.എ.ഇയിലേക്ക് വരാം. അതിശൈത്യമുള്ള സമയങ്ങളിൽ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും യു.എ.ഇയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരാണ്. പുതിയ നിയമം ഇവർക്ക് വലിയ ആശ്വാസമാകുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
നേരത്തേ ഒരാൾക്ക് 30 ദിവസത്തെ വിസക്ക് ഏതാണ്ട് 500 ദിർഹം വരെ ചെലവ് വന്നിരുന്നു. പുതിയ ആനുകൂല്യം പ്രഖ്യാപിച്ചതോടെ ഈ ചെലവും ഒപ്പം അതിനായി എടുത്തിരുന്ന സമയവും ലാഭിക്കാനാവും. വിസ അനുമതി ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് ഇല്ലാതാകുന്നതോടെ ഈ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ യു.എ.ഇയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും.
ഇടക്കിടെ ബിസിനസ് ആവശ്യത്തിനായി യു.എ.ഇയിൽ വന്നുപോകേണ്ടി വരുന്ന സംരംഭകർക്കും പുതിയ നിയമം വലിയ സഹായകരമാവും. വിസയുമായി ബന്ധപ്പെട്ട ആശങ്കയില്ലാതെ എപ്പോൾ വേണമെങ്കിലും യു.എ.ഇയിലേക്ക് വരാനും പോകാനും സാധിക്കും. ഇതുവഴി രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധവും കൂടുതൽ ദൃഢമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

