യു.എ.ഇയെ ആഗോള മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാൻ ന്യൂഖൈമും ടി.എം.ടി.സിയും കൈകോർക്കുന്നു
text_fieldsന്യൂഖൈം, ടി.എം.ടി.സി അധികൃതർ കരാറിൽ ഒപ്പുവെച്ചപ്പോൾ
ദുബൈ: യു.എ.ഇയെ ആഗോള മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാൻ ന്യൂഖൈമും ടി.എം.ടി.സിയും കൈകോർക്കുന്നു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത്‌കെയർ സംരംഭമായ ന്യൂഖൈം ഹോൾഡിങ്‌സും ലണ്ടൻ ആസ്ഥാനമായുള്ള ഫുൾസ്റ്റാക്ക് ഹെൽത്ത്‌കെയർ കോൺസിയർജ് സ്ഥാപനമായ ‘ദി മെഡിക്കൽ ട്രാവൽ കമ്പനി’ (ടി.എം.ടി.സി)യും തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.
യു.കെ, ജി.സി.സി, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളെ യു.എ.ഇയിലെ ലോകോത്തര ചികിത്സാസൗകര്യങ്ങളുമായും അന്താരാഷ്ട്ര പ്രശസ്തരായ വിദഗ്ദ്ധ ഡോക്ടർമാരുമായും ബന്ധിപ്പിക്കുന്ന ’മെഡിക്കൽ ട്രാവൽ കോറിഡോർ’ നിർമിക്കുകയാണ് ഈ കൂട്ടുകെട്ടിന്‍റെ പ്രധാന ലക്ഷ്യം.
നിലവിൽ യു.കെയിലെ നാഷനൽ ഹെൽത്ത് സർവീസിൽ (എൻ.എച്ച്.എസ്) ശസ്ത്രക്രിയകൾക്കും വിദഗ്ദ്ധ ചികിത്സകൾക്കുമായി 80 ലക്ഷത്തിലധികം ആളുകൾ കാത്തിരിപ്പ് പട്ടികയിലുള്ള പശ്ചാത്തലത്തിലാണ് ഈ നീക്കം. ലൈസൻസിങ്ങിന് വിധേയമായി, സന്ധി മാറ്റിവെക്കൽ, ഐ.വി.എഫ്, ഡെന്‍റൽ ഇംപ്ലാന്‍റുകൾ തുടങ്ങിയ സങ്കീർണമായ ശസ്ത്രക്രിയകളും ചികിത്സകളും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ സർജന്മാരും ഫിസിഷ്യന്മാരും യു.എ.ഇയിൽ നിർവഹിക്കും. ഇന്ത്യ, യു.കെ, യു.എസ്.എ, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഇതിലൂടെ ലഭ്യമാകും.
രോഗികളുടെ യാത്രാ സംബന്ധിയായ കാര്യങ്ങൾ പൂർണമായും ടി.എം.ടി.സി ആണ് കൈകാര്യം ചെയ്യുന്നത്. സ്വന്തം നാട്ടിലെ വിദഗ്ദ്ധ ഡോക്ടറുമായുള്ള ആദ്യ കൂടിയാലോചന മുതൽ വിസ, വിമാന ടിക്കറ്റ്, താമസം, എയർപോർട്ട് ട്രാൻസ്ഫർ, യാത്രയിലുടനീളം ഡെഡിക്കേറ്റഡ് കെയർ കോഓഡിനേറ്ററുടെ സേവനം, ശസ്ത്രക്രിയക്ക് ശേഷമുള്ള പുനരധിവാസവും തുടർപരിചരണവും വരെ ഇവർ നേരിട്ട് ഉറപ്പാക്കുന്നു.
ചികിത്സക്ക് മുമ്പും ശേഷവും രോഗിയുടെ നാട്ടിലെ സ്വന്തം ഡോക്ടറുടെ പങ്കാളിത്തവും ടെലിമെഡിസിൻ ഫോളോഅപ്പുകൾ വഴി ഉറപ്പുവരുത്തുന്നുണ്ട്. മെഡിക്കൽ ടൂറിസം ഇൻഡക്‌സിൽ ലോകത്ത് ആറാം സ്ഥാനത്തുള്ള ദുബൈയിൽ 2023ൽ മാത്രം 691,478 അന്താരാഷ്ട്ര ഹെൽത്ത് ടൂറിസ്റ്റുകളാണ് എത്തിയത്. ദുബൈയിലെ ആരോഗ്യമേഖലയിൽ ഇപ്പോൾ ഏകദേശം 5,800 ലൈസൻസുള്ള സ്ഥാപനങ്ങളും 69,400ലധികം സ്വകാര്യമേഖലയിലെ ജീവനക്കാരുമുണ്ട്. അംഗീകൃത ഹെൽത്ത്കെയർ സ്ഥാപനങ്ങളുടെ കാര്യത്തിൽ യു.എ.ഇ ലോകത്ത് ഒന്നാംസ്ഥാനത്താണ്. യു.കെയിൽനിന്നുള്ള ആവശ്യക്കാരും വേഗത്തിൽ വർധിച്ചുവരികയാണ്.
ന്യൂഖൈം ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ ഡോ. ഷാജിർ ഗഫാർ, ടി.എം.ടി.സി കോ-ഫൗണ്ടർ അങ്കിത് മെഹ്റോത്ര, കൺസൾട്ടന്‍റ് ഓർത്തോപീഡിക് സർജൻ ഡോ. സമീഹ് തരാബിച്ചി എന്നിവർ ദുബൈ ദുസിത് താനിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. സുരക്ഷിതവും കാര്യക്ഷമവുമായ ഉയർന്ന നിലവാരമുള്ള ആഗോള ആരോഗ്യസേവനം ലഭ്യമാക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

