പുതുവത്സരാഘോഷം; പ്രത്യേക ജലഗതാഗത സർവിസുകൾ
text_fieldsദുബൈ: പുതുവത്സരാഘോഷങ്ങള്‍ ആസ്വദിക്കാന്‍ നിവാസികൾക്കും വിനോദസഞ്ചാരികള്‍ക്കുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രത്യേക സർവിസുകളും ഓഫറുകളും പ്രഖ്യാപിച്ചു. ദുബൈ ഫെറി, അബ്ര, വാട്ടര്‍ ടാക്‌സി എന്നിവയുള്‍പ്പെടെ ജലഗതാഗത യാത്രകള്‍ക്കാണ് ഓഫറുകളും പ്രത്യേക സേവനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31ന് രാത്രി 10നും പത്തരക്കുമിടയില്‍ ദുബൈ ഫെറി സര്‍വിസുകള്‍ മറീന മാള്‍ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന്‍ (ദുബൈ മറീന), അല്‍ ഗുബൈബ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന്‍, ബ്ലൂവാട്ടേഴ്സ് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടും.
എല്ലാ യാത്രകളും അർധരാത്രി ഒന്നരക്ക് അവസാനിക്കും. ഫെറിയുടെ ടിക്കറ്റ് നിരക്കുകള്‍ സില്‍വര്‍ ക്ലാസിന് 350 ദിര്‍ഹവും ഗോള്‍ഡ് ക്ലാസിന് 525 ദിര്‍ഹവുമാണ്. രണ്ടു മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും. വാട്ടര്‍ ടാക്‌സി സര്‍വിസുകള്‍ മറീന മാള്‍ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനില്‍നിന്ന് ആരംഭിക്കും. 20 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഫുള്‍-ബോട്ട് ബുക്കിങ്ങിന് 3750 ദിര്‍ഹമാണ് നിരക്ക്. ഇതില്‍ വീല്‍ചെയര്‍ സംവിധാനവുമുണ്ടായിരിക്കും. അല്‍ ജദ്ദാഫ്, അല്‍ ഫാഹിദി, അല്‍ ഗുബൈബ, മറീന മാള്‍ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനുകളില്‍നിന്നാണ് അബ്ര സര്‍വിസ് നടത്തുക.
ഒരാള്‍ക്ക് 150 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രാത്രി 10 നും പത്തരക്കുമിടയിലാണ് യാത്ര തുടങ്ങുക. യാത്രകള്‍ അര്‍ധരാത്രി അവസാനിക്കുകയും ചെയ്യും. പൊതുജനങ്ങള്‍ക്ക് വാട്ടര്‍ ടാക്‌സി, ദുബൈ ഫെറി, അബ്ര യാത്രകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 8009090 എന്ന നമ്പറില്‍ ബന്ധപ്പെടാം. marinebooking@rta.ae എന്ന ഇ-മെയില്‍ വിലാസത്തിലൂടെയും വിവരങ്ങളറിയാം. ദുബൈ വാട്ടര്‍ഫ്രണ്ടിലെ ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, അറ്റ്‌ലാന്റിസ് ദ പാം, ബ്ലൂവാട്ടേഴ്സ്, ജുമൈറ ബീച്ച് റെസിഡന്‍റ്സ് എന്നിവിടങ്ങളില്‍നിന്ന് മനോഹരമായ പുതുവര്‍ഷാഘോഷങ്ങള്‍ ആസ്വദിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

