പുതുവത്സരാഘോഷം: മെട്രോ 43 മണിക്കൂർ തുടർച്ചയായി ഓടും
text_fieldsദുബൈ മെട്രോ
ദുബൈ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദുബൈ നഗരത്തിൽ നടപ്പാക്കുന്ന വിവിധ ഗതാഗത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പുറത്തിറക്കി. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച് ദുബൈ പൊലീസുമായി സഹകരിച്ചാണ് നടപടികൾ തീരുമാനിച്ചത്. യാത്രക്കാർ വർധിക്കുന്നത് പരിഗണിച്ച് മെട്രോയുടെ ഗ്രീൻ, റെഡ് ലൈനുകളിൽ ശനിയാഴ്ച രാവിലെ അഞ്ചുമുതൽ തുടങ്ങുന്ന സർവിസ് ജനുവരി രണ്ടിന് അർധരാത്രിവരെ തുടരും.
ശനിയാഴ്ച രാവിലെ ആറുമുതൽ തിങ്കളാഴ്ച പുലർച്ചെ ഒന്നുവരെ ദുബൈ ട്രാമും സർവിസ് നടത്തും. ആഘോഷ സ്ഥലങ്ങളിലേക്ക് എല്ലാ സന്ദർശകരുടെയും സുഗമമായ യാത്ര ഉറപ്പാക്കാൻ എല്ലാ മനുഷ്യ, സാങ്കേതിക സഞ്ചാരങ്ങളും വിന്യസിക്കുമെന്ന് അധികൃതർ പറഞ്ഞു. മൾടിലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള മുഴുവൻ പാർക്കിങ് സ്ഥലങ്ങളിലും ഞായറാഴ്ച സൗജന്യമായിരിക്കും. ബസ് സർവിസുകൾ രാവിലെ ആറുമുതൽ പുലർച്ചെ ഒന്നുവരെയായിരിക്കും.
തിരക്ക് കുറക്കുന്നതുകൂടി പരിഗണിച്ച് ദുബൈയിൽ 32 സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിക്കുമെന്ന് ഇന്റർനാഷനൽ, ലോക്കൽ ഇവൻറുകൾ സുരക്ഷിതമാക്കുന്നതിനുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വെടിക്കെട്ടുകൾക്ക് പുറമെ കുടുംബങ്ങൾക്കും കുട്ടികൾക്കും അടക്കം ആസ്വദിക്കാനായി നിരവധി സംഗീത പരിപാടികളും ഡ്രോൺ ഷോകളും ഒരുക്കിയിട്ടുണ്ട്.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പരിപാടികളും കൂടി ചേരുമ്പോൾ മുൻവർഷങ്ങളേക്കാൾ വിപുലമായ സൗകര്യങ്ങളാണ് പുതുവത്സരാഘോഷത്തിനായി ഇത്തവണ ഒരുങ്ങുന്നത്. നഗരത്തിലുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുഇടങ്ങളും പ്രശസ്തമായ ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് കരിമരുന്ന് പ്രയോഗങ്ങൾ നടക്കുക.
സമയം അർധരാത്രി പിന്നിട്ട് പുതുവർഷം പിറക്കുമ്പോൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് അണിയറയിൽ ഒരുക്കുന്നത്. ഇതുകൂടാതെ, ദുബൈ ഫ്രെയിം, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെ.ബി.ആർ, ബുർജ് അൽ അറബ് എന്നിവയുൾപ്പെടെ മറ്റ് പ്രധാന ലാൻഡ്മാർക്കുകളിലും വർണമനോഹരമായ പ്രദർശനങ്ങളുണ്ടാകും.
വിവിധ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ
• ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, പാർക്കിങ് ഏരിയ നിറയുന്നതോടെ ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് അടക്കും. അതിനാൽ ബൊളിവാർഡ് ഏരിയയിലോ ദുബൈ മാളിലോ റിസർവ് ചെയ്തവർ ശനിയാഴ്ച വൈകുന്നേരം നാലിന് മുമ്പ് എത്തിച്ചേരണം.
• ഫിനാൻഷ്യൽ സെന്റർ റോഡിന്റെ ലോവർ ഡെക്ക് വൈകീട്ട് നാലിനും അൽ സുക്കൂക്ക് സ്ട്രീറ്റ് രാത്രി എട്ടിനും അടക്കും. ഊദ് മേത്ത റോഡിൽനിന്ന് ബുർജ് ഖലീഫ ഏരിയയിലേക്ക് നീളുന്ന അൽ അസയേൽ റോഡ് പബ്ലിക് ബസുകൾക്കും എമർജൻസി വാഹനങ്ങൾക്കും മാത്രമാക്കി വൈകീട്ട് നാലിന് അടക്കും.
• അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് 2ാം സഅബീൽ റോഡിനും അൽ മെയ്ദാൻ റോഡിനുമിടയിൽ വൈകീട്ട് നാലുമുതൽ അടച്ചിടും.
• ബുർജ് ഖലീഫ സ്റ്റേഷൻ വൈകീട്ട് അഞ്ചുമുതൽ അടച്ചിടും.
• രാത്രി എട്ടുമുതൽ അൽ സുക്കൂക്ക് സ്ട്രീറ്റ് അടക്കും. ഒരുമണിക്കൂറിനുശേഷം ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് അപ്പർ ഡെക്കും വാഹനങ്ങൾക്ക് അടക്കും.
• ദുബൈ വാട്ടർ കനാൽ എലിവേറ്ററുകളും കാൽനട പാലങ്ങളും അൽ സഫ, ബിസിനസ് ബേ ഏരിയകളിൽ അടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

