പുതുവത്സരാഘോഷം; സുരക്ഷക്കായി വിപുലമായ ഒരുക്കം
text_fieldsവാർത്തസമ്മേളനത്തിൽ സുരക്ഷ ഒരുക്കങ്ങൾ വിശദീകരിക്കുന്ന ദുബൈ ഇവന്റ് സെക്യൂരിറ്റി
കമ്മിറ്റി അംഗങ്ങൾ
ദുബൈ: പുതുവത്സരാഘോഷങ്ങളിൽ സുരക്ഷ ഉറപ്പുവരുത്താൻ അതിവിപുലമായ തയാറെടുപ്പുകളുമായി ദുബൈ ഭരണകൂടം. പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന 37 സ്ഥലങ്ങളിലായി ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി) സേവന കേന്ദ്രങ്ങൾ തുറക്കും.
വിവിധ പൊലീസ് സേവനങ്ങൾ, നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചെടുക്കാൻ പിന്തുണ, പ്രഥമ ശുശ്രൂഷ, സാധനങ്ങൾ കൊണ്ടുപോകാനുള്ള സഹായം, സന്ദർശകർക്ക് മാർഗനിർദേശങ്ങൾ, നഷ്ടപ്പെട്ട കുട്ടികളുടെ പരിചരണം എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ കരയിലും കടലിലും സുരക്ഷിതമായ ആഘോഷങ്ങൾ ആസ്വദിക്കുന്നതിനായി ദുബൈ പൊലീസ് 9884 ഉദ്യോഗസ്ഥരെയും 1625 പട്രോളിങ് വാഹനങ്ങളെയും നിയോഗിക്കും
. ഇതിൽ 53 സമുദ്രസുരക്ഷ, റസ്ക്യൂ ബോട്ടുകൾ, 36 ബൈക്കുകൾ, 34 കുതിര യൂനിറ്റുകൾ എന്നിവ ഉൾപ്പെടും. സ്വകാര്യമേഖലയിൽ നിന്നുള്ള 13,502 ഉദ്യോഗസ്ഥരുടെ സാന്നിധ്യവും വിവിധ മേഖലകളിലായി ഉറപ്പുവരുത്തും. ഓഫിസർമാർ, നോൺ കമിഷൻഡ് ഓഫിസർമാർ എന്നിവർ ഉൾപ്പെടെ 1754 ലധികം അഗ്നിരക്ഷ പ്രവർത്തകരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.
സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ 306 പരിശോധന സംവിധാനങ്ങളും സജ്ജമാണ്. 12 ഫയർ ഫൈറ്റിങ് ബോട്ടുകൾ ഉൾപ്പെടെ 156ലധികം അത്യാധുനിക വാഹനവ്യൂഹവും തയാറാണ്. അനുമതിയോടെ നടത്തുന്ന ആഘോഷസ്ഥലങ്ങളിലെല്ലാം സുരക്ഷ ഉറപ്പുവരുത്തുന്നതിന് 26 സിവിൽ ഡിഫൻസ് സ്റ്റേഷനുകൾ വഴി അഗ്നിരക്ഷസേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. എമിറേറ്റിലുടനീളം 236 ആംബുലൻസ് പോയിന്റുകളും ഒരുക്കും
. ദുബൈ പൊലീസുമായി കൈകോർത്ത് എയർ ആംബുലൻസ്, രണ്ട് എയർ ബസുകൾ, ഗോൾഡ് കാർട്ടുകൾ, ഇലക്ട്രിക് ആൻഡ് ബൈക്ക് ആംബുലൻസുകൾ, ദ്രുതപ്രതികരണ യൂനിറ്റുകൾ, പ്രത്യേക സംവിധാനങ്ങളുടെ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ആംബുലൻസ് സർവിസുകൾ. മെഡിക്കൽ പരിരക്ഷ ആവശ്യമുള്ളവർക്ക് 12 ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഫസ്റ്റ് റസ്പോൺസ് പ്രോഗ്രാമിൽ നിന്ന് പരിശീലനം ലഭിച്ച 50 വളണ്ടിയർമാർ ബൊളിവാർഡ് മേഖലയിൽ നിലയുറപ്പിക്കുന്ന ആംബുലൻസ് ടീമിന് പിന്തുണ നൽകും.
ആറ് ആശുപത്രികൾ, നാല് ക്ലിനിക്കുകൾ എന്നിവിടങ്ങളിലായി അത്യാഹിതങ്ങൾ നേരിടാൻ 19,00 മെഡിക്കൽ, നഴ്സുമാർ, അഡ്മിനിസ്ട്രേറ്റർമാർ, സപ്പോർട്ടിങ് ജീവനക്കാർ എന്നിവരേയും ഒരുക്കിയിട്ടുണ്ട്.
ബുർജ ഖലീഫ് മേഖലയിൽ ശിശുരോഗവിഭാഗം ഉൾപ്പെടെ പൂർണമായും സജ്ജീകരിച്ച ഫീൽ ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്. ദുബൈ ആംബുലൻസ് സർവിസുമായി സഹകരിച്ച് വിവിധ മേഖലകളിലായി ഏഴ് മെഡിക്കൽ പോയന്റുകളും പ്രവർത്തനസജ്ജമാണ്. ഇവരുടെ പിന്തുണക്കായി 20 വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്.
പുതുവത്സര ആഘോഷങ്ങളിൽ പൊലീസിനെ സഹായിക്കുന്നതിനായി 1800 വളണ്ടിയർമാർ സന്നദ്ധത അറിയിച്ചതായി ജനറൽ ഡിപാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസ് ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ 999 എന്ന നമ്പറിലോ അടിയന്തരമല്ലാത്ത കാര്യങ്ങൾക്ക് 901 എന്ന നമ്പറിലോ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

