തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ചു
text_fieldsജി.ഡി.ആർ.എഫ്.എ തൊഴിലാളികൾക്കായി ഒരുക്കിയ പുതുവത്സരാഘോഷത്തിൽ പങ്കെടുത്തവർ
ദുബൈ: പുതുവത്സരത്തെ ആവേശത്തോടെയും പ്രതീക്ഷയോടെയും വരവേൽക്കാൻ ദുബൈയിലെ തൊഴിലാളികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്-ദുബൈ(ജി.ഡി.ആർ.എഫ്.എ) ഗംഭീരമായ പുതുവൽസരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ദുബൈ പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സുമായി സഹകരിച്ചാണ് വിപുലമായ ആഘോഷങ്ങൾ ഒരുക്കിയത്. രണ്ട് ദിവസങ്ങളിലായാണ് ആഘോഷം സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ദുബൈ അൽ ഖൂസിൽ നടന്ന പ്രധാന ആഘോഷവേദിയിൽ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വിവിധ ബാൻഡുകളുടെ സംഗീത പരിപാടികളും അന്താരാഷ്ട്ര നൃത്തസംഘങ്ങളുടെ ആവേശകരമായ പ്രകടനങ്ങളും വിവിധ രാജ്യങ്ങളുടെ നാടൻകലാരൂപങ്ങളും അരങ്ങേറി.
ആഘോഷത്തിന്റെ പ്രധാന ആകർഷണമായി അഞ്ചുലക്ഷം ദിർഹമിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് തൊഴിലാളികൾക്ക് നറുക്കെടുപ്പിലൂടെ നൽകിയത്. കാറുകൾ, സ്വർണ നാണയങ്ങൾ, സ്വർണക്കട്ടികൾ, മൊബൈൽ ഫോണുകൾ, യാത്രാ ടിക്കറ്റുകൾ തുടങ്ങിയ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകിയത്. ആഘോഷത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി ഓൺലൈൻ പങ്കാളിത്തത്തിനും സൗകര്യം ഒരുക്കി. ‘ബ്ലൂ കണക്ട്’ ആപ്ലിക്കേഷൻ വഴിയും ലൈവ് സ്ട്രീമിങ്ങിലൂടെയും ഡിജിറ്റൽ ഇടപെടലുകളിലൂടെയും തൊഴിലാളികൾക്ക് പരിപാടികളിലും നറുക്കെടുപ്പുകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു.
ജബൽ അലി, മുഹൈസിന തുടങ്ങിയ ലേബർ ക്യാമ്പുകളിലും ജി.ഡി.ആർ.എഫ്.എ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. പ്രധാന വേദിയായ അൽ ഖൂസിൽ മാത്രം ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ആഫ്രിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നായി 20,000 ലധികം തൊഴിലാളികൾ പങ്കെടുത്തു. ഡിസംബർ 31ന് വൈകീട്ട് ആറിന് ആരംഭിച്ച ആഘോഷങ്ങൾ അർധരാത്രിവരെ നീണ്ടു. നേരിട്ടും ഓൺലൈനിലൂടെയും 50,000 ലധികം ആളുകൾ പരിപാടിയിൽ പങ്കുചേർന്നെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു.
ദുബൈയിലെ വികസനത്തിന് വിയർപ്പൊഴുക്കിയ സമൂഹത്തോടുള്ള ആദരവാണ് ആഘോഷമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

