ആഘോഷം പുലരുവോളം
text_fieldsപുതുവത്സരം ആഘോഷിക്കാൻ ദുബൈ ഗ്ലോബൽ വില്ലേജിൽ എത്തിയവർ
ദുബൈ: യു.എ.ഇക്ക് ഇന്നലെ ഉറക്കമില്ലാത്ത രാവായിരുന്നു. 2022ന് വിടചൊല്ലി 2023നെ ആഘോഷത്തോടെ രാജ്യം വരവേറ്റു. ബുർജ് ഖലീഫ, യാസ് ഐലൻഡ്, എക്സ്പോ സിറ്റി മുതൽ റാസൽഖൈമയിലും ഫുജൈറയിലുമെല്ലാം പ്രവാസികൾ അടക്കമുള്ളവർ പുതുവത്സരത്തെ വരവേൽക്കാൻ ഒത്തുചേർന്നു. 12ന് നടക്കേണ്ട ആഘോഷത്തിന് ഉച്ചമുതൽതന്നെ ജനം ഒഴുകിക്കൊണ്ടിരുന്നു.
ഒട്ടുമിക്ക വിനോദ കേന്ദ്രങ്ങളും വൈകീട്ട് അഞ്ചുമണിയോടെ നിറഞ്ഞുകവിഞ്ഞു. ഇതോടെ പ്രവേശനം വിലക്കിയതിനാൽ പലർക്കും പുറത്തുനിന്ന് ആഘോഷിക്കേണ്ടിവന്നു. മരുഭൂമികൾപോലും നിറഞ്ഞ അവസ്ഥയായിരുന്നു. സ്ഥിരം കാമ്പിങ് നടക്കുന്ന പല മരുഭൂമികളിലും കുടുംബങ്ങളെ മാത്രമാണ് അനുവദിച്ചത്. പ്രമുഖ റസ്റ്റാറന്റുകളിലെല്ലാം ആഘോഷം ഒരുക്കിയിരുന്നു. യു.എ.ഇയിൽ അമ്പതോളം ഭാഗങ്ങളിൽ കരിമരുന്ന് പ്രയോഗം നടന്നു.
ബുർജ് ഖലീഫയിലെ ന്യൂ ഇയർ ആഘോഷം തത്സമയം പകർത്താൻ ഒരുക്കിയ സന്നാഹം
ആഘോഷത്തിന്റെ ഭാഗമായി ആദ്യം കരിമരുന്ന് പ്രയോഗം നടന്നത് ദുബൈ ഗ്ലോബൽ വില്ലേജിലായിരുന്നു. യു.എ.ഇ സമയം രാത്രി എട്ടിനായിരുന്നു ചൈനയിൽ പുതുവത്സരം പിറന്നത്. ഗ്ലോബൽ വില്ലേജിലെ ആദ്യ വെടിക്കെട്ട് ചൈനീസ് ന്യൂ ഇയറിന് സമർപ്പിച്ചു. തായ്ലാൻഡ് (9.00), ബംഗ്ലാദേശ് (10.00), ഇന്ത്യ (10.30), പാകിസ്താൻ (11.00) എന്നിവിടങ്ങളിലെ പുതുവത്സര സമയങ്ങളിലും ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ട് നടന്നു.
ഏവരും കാത്തിരുന്ന യു.എ.ഇയുടെ പുതുവത്സരം കൃത്യം രണ്ടിന് ഏറ്റവും വലിയ വെടിക്കെട്ടോടെ അരങ്ങേറി. ബുർജ് ഖലീഫയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. വൈകീട്ടോടെതന്നെ ദുബൈ മാളിന്റെ വാതിലുകൾ അടച്ചതിനാൽ ഭൂരിപക്ഷം പേർക്കും പുറത്തുനിന്ന് ആഘോഷിക്കേണ്ടി വന്നു. ബീച്ചുകളിലും പാർക്കുകളിലും എത്തി ആഘോഷിച്ചവരും കുറവല്ല.
ഷാർജ അൽ മജാസിൽ പുതുവത്സരം ആഘോഷിക്കാൻ എത്തിയവർ -നൗഫൽ പെരിന്തൽമണ്ണ
വാരാന്ത്യ അവധികൂടി ഒരുമിച്ച് വന്നതോടെ ആഘോഷം ഇരട്ടിയായി. രാവിലെ ജോലിക്ക് പോകേണ്ട എന്നുള്ളതിനാൽ നേരം പുലരുവോളം റസ്റ്റാറന്റുകളിലും മറ്റും ചെലവഴിച്ചാണ് മടങ്ങിയത്. കനത്ത സുരക്ഷ സന്നാഹങ്ങളാണ് ഓരോ എമിറേറ്റിലെയും പൊലീസ് ഒരുക്കിയിരുന്നത്. അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ എല്ലായിടങ്ങളിലും പൊലീസ് പരിശോധനയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

