പുതുവത്സര രാവിൽ വിസ്മയം തീർക്കാൻ യു.എ.ഇ
text_fieldsശൈഖ് സായിദ് ഫെസ്റ്റിവലിൽ നടന്ന വെടിക്കെട്ട് (ഫയൽ ചിത്രം)
ദുബൈ: പുതുവത്സര രാവിൽ വിസ്മയം തീർക്കുന്ന റെക്കോഡ് വെട്ടിക്കെട്ടുകൾകൊണ്ടും ഡ്രോൺ ഷോകൾകൊണ്ടും ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങി യു.എ.ഇ. ഇത്തവണ അബൂദബിയിൽ 62 മിനിറ്റ് നീളുന്ന വെടിക്കെട്ട് പുതുവത്സര രാവിൽ ഇടിമുഴക്കം സൃഷ്ടിക്കും. ആറ് കിലോമീറ്റർ നീളത്തിൽ വെടിക്കെട്ടുമായി ഇത്തവണയും ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് റാസൽഖൈമ. അൽ മർജാൻ ഐലൻഡിൽ നിന്ന് ആറ് കിലോമീറ്റർ നീളത്തിൽ കടലിന് മുകളിലായി പതിനഞ്ച് മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗമാണ് നടക്കുക. ലോകത്തിലെ ഏറ്റവും വലിയ ആകാശച്ചിത്രങ്ങൾ വെടിക്കെട്ടിലൂടെ തീർക്കാനാണ് ലക്ഷ്യം. ബുർജ് ഖലീഫയിലെ ലേസർ ഷോ ദുബൈ നഗരത്തിന്റെ ആകാശത്ത് വർണവിസ്മയം തീർക്കും. ദുബൈയിലെ ഏറ്റവും വലിയ വിനോദ ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ ഏഴ് തവണയാണ് പുതുവത്സരാഘോഷങ്ങൾ. ഏഴ് തവണ വെടിക്കെട്ടും നടക്കും.
വൈവിധ്യമാർന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനായി ലോകരാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾ യു.എ.ഇയിലേക്ക് ഒഴുകിയെത്തുകയാണ്. നഗരത്തിലെ പ്രധാന ഹോട്ടലുകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഫെസ്റ്റിവൽ സിറ്റി, ജെ.ബി.ആർ, ബുർജ് ഖലീഫ എന്നിവിടങ്ങളിലെ വെടിക്കെട്ടുകൾ കാണാൻ 12,000 ദിർഹം വരെയാണ് ഹോട്ടലുകളിൽ നിരക്ക് ഈടാക്കുന്നത്. ആഘോഷങ്ങൾ സമാധാനപൂർണവും സുരക്ഷിതവുമാക്കാൻ വിപുലമായ സുരക്ഷ സന്നാഹങ്ങളാണ് ദുബൈ പൊലീസ് ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ റെക്കോഡുകൾ തകർക്കാൻ അബൂബി ഇത്തവണയും കച്ചകെട്ടിയിറങ്ങുകയാണ്. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ തുടർച്ചയായി 62 മിനിറ്റാണ് ആകാശം വർണങ്ങൾകൊണ്ട് നിറയുക. മൂന്ന് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ ലക്ഷ്യമിട്ടുള്ള ഈ വെടിക്കെട്ടിനുപുറമെ, ആറായിരത്തിലേറെ ഡ്രോണുകൾ അണിനിരക്കുന്ന മെഗാ ഷോയും നടക്കും. ബുർജ് ഖലീഫ തന്നെയാണ് ദുബൈയിലെ ആഘോഷങ്ങളുടെ പ്രധാനി. ഇത്തവണ ‘ബിയോണ്ട് ഡ്രീംസ്’ എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്ന വെടിക്കെട്ട് കഴിഞ്ഞ വർഷത്തേക്കാൾ വിപുലമായിരിക്കും. തൊട്ടടുത്ത് തന്നെ ദുബൈ ഫ്രെയിമും പുതുവത്സരത്തെ വരവേൽക്കാൻ വർണാഭമായ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

