പുതുവർഷം: അബൂദബിയിൽ വൻ സുരക്ഷാ മുന്നൊരുക്കം
text_fieldsഅബൂദബി: 2026 ആഗതമാവാനിരിക്കെ പുതുവര്‍ഷവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ സുരക്ഷിതമാക്കാനുള്ള നടപടികളുമായി അബൂദബി പൊലീസ്. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ കാലഘട്ടങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കാര്യക്ഷമമായ ഗതാഗത നിയന്ത്രണം ഉറപ്പാക്കുന്നതിനൊപ്പം പൊതു സുരക്ഷ നിലനിര്‍ത്തുക എന്നതാണ് ഇതിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.
പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, വാണിജ്യ ജില്ലകള്‍, പ്രധാന റോഡുകള്‍ തുടങ്ങിയ ഇടങ്ങളെല്ലാം ഉള്‍പ്പെടുത്തുന്ന സംയോജിത സുരക്ഷാ ചട്ടക്കൂട് പൊലീസ് വികസിപ്പിച്ചതായി സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് ദാഹി അല്‍ ഹമീരി പറഞ്ഞു.
എമിറേറ്റിലെ ആഘോഷ വേദികളിലുടനീളം ക്രമസമാധാനം നിലനിര്‍ത്തുന്നതിനൊപ്പം ആഘോഷങ്ങൾക്കായി എത്തുന്ന സന്ദർശകരെ സംരക്ഷിക്കുന്നതിലാണ് സമഗ്രമായ സമീപനം ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗതാഗത സുരക്ഷക്കാണ് ഈ സമയത്ത് പ്രഥമ പരിഗണ. ഡ്രൈവര്‍മാരുടെ അവബോധത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന പെരുമാറ്റച്ചട്ടങ്ങളും ട്രാഫിക് ഡയറക്ടറേറ്റും സുരക്ഷാ പട്രോളിങ്ങും നടപ്പാക്കിയിട്ടുണ്ട്.
വാഹനമോടിക്കുന്നവര്‍ വേഗപരിധി പാലിക്കണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്നും ഇതരവാഹനങ്ങളില്‍ നിന്ന് മതിയായ അകലം പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. പാര്‍ട്ടി സ്പ്രേകളുടെ ഉപയോഗം, അപകടകരമായ ഡ്രൈവിങ് രീതികള്‍, പൊതുജന സുരക്ഷയെ അപകടത്തിലാക്കുന്ന അമിത ശബ്ദം എന്നിവ ഉള്‍പ്പെടെയുള്ള മോശം പെരുമാറ്റങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കര്‍ശന മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ഓപറേഷന്‍സ് റൂമില്‍ നൂതന ഉപകരണങ്ങളും നൂതന സാങ്കേതിക വിദ്യകളും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുമാണ് ഉള്ളതെന്നും 999 എന്ന ഹോട്ട്ലൈന്‍ നമ്പറിലൂടെ 24 മണിക്കൂറും ഇവിടെ നിന്നുള്ള സേവനം തേടാവുന്നതാണെന്നും അടിയന്തര ഇടപെടലുകളുണ്ടാവുമെന്നും കേണല്‍ അലി മുഫ്ത അല്‍ ഉറൈമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

