റാക് വിമാനത്താവളത്തില്‍ പുതിയ വി.വി.ഐ.പി ടെര്‍മിനല്‍
text_fieldsറാസല്‍ഖൈമ: റാക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ വി.വി.ഐ.പി ടെര്‍മിനലും ഒരു സ്വകാര്യ ജെറ്റ് ഹാങ്ങറും വരുന്നു. യാത്ര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വികസനം.
ദുബൈ എയര്‍ഷോയില്‍ അലക്സ് ഗ്രൂപ് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ ഭാഗമായ ഫാല്‍ക്കണ്‍ എക്സിക്യൂട്ടിവ് ഏവിയേഷനുമായി സഹകരിച്ചാണ് റാസല്‍ഖൈമ വിമാനത്താവളത്തില്‍ പുതുപദ്ധതി നടപ്പാക്കുക. വിമാനത്താവളത്തില്‍ ‘ഫിക്സഡ് ബേസ് ഓപറേഷന്’ (എഫ്.ബി.ഒ) സൗകര്യ വികസനത്തിനും പദ്ധതിയുണ്ട്. 1500 ചതുരശ്ര വിസ്തൃതിയിലുള്ള ടെര്‍മിനല്‍, 8000 ചതുരശ്ര വിസ്തൃതിയില്‍ വിമാന പരിചരണം, 9000 ചതുരശ്ര വിസ്തൃതിയില്‍ പാര്‍ക്കിങ് സൗകര്യം എന്നിവയുള്‍പ്പെടുന്നതാണ് എഫ്.ബി.ഒ. റോയല്‍ ലോഞ്ച്, നാല് വി.വി.വി.ഐ ലോഞ്ചുകള്‍, പ്രീമിയം ഹോസ്പിറ്റാലിറ്റി ഏരിയകള്‍ തുടങ്ങിയ സൗകര്യങ്ങളും സേവനങ്ങളും ഉള്‍പ്പെടുന്ന ടെര്‍മിനല്‍ 2027 ആദ്യ പാദത്തില്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്‍കാനും പുതു നിക്ഷേപം ആകര്‍ഷിക്കാനും പുതിയ പദ്ധതി സഹായിക്കുമെന്ന് റാക് സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാനും റാക് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എൻജിനീയര്‍ ശൈഖ് സലീം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. യു.എ.ഇയിലുടനീളമുള്ള സ്വകാര്യ വ്യോമയാന സേവനങ്ങള്‍ മികച്ച രീതിയിലാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് അലക്സ് ഗ്രൂപ് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപകനും ചെയര്‍മാനുമായ സുല്‍ത്താന്‍ റാശിദ് അബ്ദുല്ല റാശിദ് അൽശെന വ്യക്തമാക്കി. ആഡംബരം, പ്രവര്‍ത്തനശേഷി, സുസ്ഥിരത എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

