വാഹന രജിസ്ട്രേഷൻ, ലൈസൻസ് ഫീസ് വർധന പ്രാബല്യത്തിൽ
text_fieldsഅബൂദബി: വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനും രാജ്യവ്യാപകമായി ഏകീകൃത ഫീസ് ഘടന നിലവിൽ വന്നു. വർധനയോടെയാണ് ഫീസ് ഘടന പ്രാബല്യത്തിലാക്കിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഒക്ടോബർ നാലിന് പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവ് പ്രകാരമാണ് ഫീസ് വർധിപ്പിച്ചത്. ഉത്തരവ് ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം ചെറിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ 400 ദിർഹവും ഇവയുടെ രജിസ്ട്രേഷൻ പുതുക്കാൻ 350 ദിർഹവുമാണ് ഫീസ്. വാഹനത്തിെൻറ ഉടമാവകാശം മാറ്റാൻ 350 ദിർഹവും പുനർ രജിസ്ട്രേഷന് 400 ദിർഹവും അടക്കണം.
ചെറിയ വാഹനങ്ങളുടെ ടെസ്റ്റിങ് ഫീ 150 ആയി വർധിപ്പിച്ചു. നേരത്തെ ദുബൈയിൽ 120 ദിർഹമായിരുന്നു ഇൗ സേവനത്തിന് ഇൗടാക്കിയിരുന്നത്. ഡ്രൈവിങ് ലൈസൻസിന് വേണ്ടി ഫയൽ തുറക്കാനുള്ള ഫീസും വർധിച്ചു. 200 ദിർഹമാണ് ഇപ്പോൾ നൽകേണ്ടത്.ഡ്രൈവിങ് ലൈസൻസ് എടുക്കുക, പുതുക്കുക, നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താൽ പുതുക്കിയെടുക്കുക എന്നിവക്ക് 100 ദിർഹം നൽകണം. ഒരു വർഷത്തിലധികം കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് എടുക്കാൻ 300 ദിർഹമാണ് ഫീസ്. മറ്റൊരു രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് യു.എ.ഇ ലൈസൻസായി മാറ്റാൻ 600 ദിർഹമായി നിശ്ചയിച്ചു. വിവിധ എമിറേറ്റുകളിലെ ഗതാഗത അതോറിറ്റികൾ ഏർപ്പെടുത്തുന്ന മറ്റു സേവന ചാർജുകൾ ഫീസിനൊപ്പം അധികമായി നൽകേണ്ടി വരും. ലൈസൻസിങ് അതോറിറ്റികളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയമായിരിക്കും ഇൗ സേവനങ്ങൾ ഏകോപിപ്പിക്കുക.