ഹുർമുസ് തടസം മറികടക്കാൻ പുതിയ വാണിജ്യ ഇടനാഴി
text_fields‘ദ നാഷണൽ’ പ്രസിദ്ധീകരിച്ച റൂട്ട് മാപ്പ്
ദുബൈ: മേഖലയിലെ സംഘർഷാന്തരീക്ഷത്തിൽ ഹുർമുസ് കടലിടുക്കിലെ തടസം മറികടക്കാൻ പുതിയ ചരക്കുഗതാഗത ഇടനാഴി രൂപപ്പെടുത്താൻ യു.എ.ഇയും സൗദി അറേബ്യയും. ഇരു രാജ്യങ്ങൾക്കിടയിൽ ചരക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനാണ് പുതിയ വ്യാപാര ഇടനാഴി വികസിപ്പിക്കുന്നത്.
സൗദി പോർട്സ് അതോറിറ്റിയായ ‘മവാനി’യും ഷാർജ ആസ്ഥാനമായ ഗൾഫ്‌ടൈനറും ചേർന്നാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നതെന്ന് ‘ദ നാഷണൽ’ റിപ്പോർട്ട് ചെയ്തു. ഷാർജയിലെ ഖോർഫക്കാൻ തുറമുഖം വഴി കടൽ-റോഡ് ഗതാഗതം സംയോജിപ്പിച്ച് സൗദിയിലെ ദമ്മാമുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാത. ഇതിലൂടെ ചരക്ക് ഗതാഗതം വർധിപ്പിക്കുകയും ട്രാൻസിറ്റ് സമയം കുറയുകയും ചെയ്യുമെന്ന് ‘മവാനി’ അറിയിച്ചു. ഖോർഫക്കാൻ കൊമേഴ്ഷ്യൽ ടെർമിനലും ഷാർജയിലെ സജാ ഡ്രൈ പോർട്ട് പോലുള്ള ഉൾനാടൻ ലോജിസ്റ്റിക് കേന്ദ്രങ്ങളും ഇടനാഴിയുമായി ബന്ധിപ്പിക്കും.
ദമ്മാമിനും ഷാർജക്കുമിടയിൽ ഏത് തരത്തിലുള്ള ചരക്കുകളാണ് കൊണ്ടുപോവുകയെന്നതോ വാർഷിക ചരക്ക് എത്രയെന്നതോ ഇതുവരെ വ്യക്തമല്ല. എന്നാൽ ഹുർമുസ് കടലിടുക്ക് വഴി കപ്പൽഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പുതിയ ഇടനാഴി വലിയ പ്രാധാന്യമർഹിക്കുന്നതാണ്. ഹുർമുസ് കടലിടുക്ക് ഗൾഫ് രാജ്യങ്ങൾക്ക് അത്യന്തം നിർണായകമാണ്.
മേഖലയിലെ രാജ്യങ്ങളുടെ എണ്ണയും ചരക്കുകളും ഇതുവഴിയാണ് പ്രധാനമായും കടന്നുപോകുന്നത്. പുതിയ ഗതാഗത ഇടനാഴി സപ്ലൈ ചെയിൻ സ്ഥിരതയും വിപണി പ്രവേശനവും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള റൂട്ടുകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിലും കൃത്യസമയത്തും ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പുതിയ സംവിധാനം വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

