പുതിയ ടെർമിനലിൽനിന്ന് നവംബർ ഒന്നു മുതൽ സർവിസ്
text_fieldsഅബൂദബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ
അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ടെര്‍മിനല്‍ ‘എ’ നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 31ന് ഇത്തിഹാദ് എയര്‍വേസ് ഉദ്ഘാടന പറക്കല്‍ നടത്തും. രണ്ടാഴ്ച കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാകും വിമാന കമ്പനികള്‍ പുതിയ ടെർമിനലിലേക്ക് പൂര്‍ണമായി മാറുക. വിസ് എയര്‍ അബൂദബിയും 15 അന്താരാഷ്ട്ര വിമാനക്കമ്പനികളും നവംബര്‍ ഒന്നു മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സർവിസ് തുടങ്ങും. ഇത്തിഹാദ് എയര്‍വേസ് നവംബര്‍ ഒമ്പതു മുതല്‍ ദിനേന 16 സര്‍വിസുകള്‍ നടത്തും. നവംബര്‍ 14 മുതലായിരിക്കും എയര്‍ അറേബ്യ അബൂദബി അടക്കമുള്ള 11 എയര്‍ലൈന്‍സുകള്‍ക്കൊപ്പം ഇത്തിഹാദ് പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം ടെര്‍മിനലില്‍ ആരംഭിക്കുന്നത്. നവംബര്‍ 14ഓടെ 28 വിമാനക്കമ്പനികൾ ടെര്‍മിനല്‍ എയില്‍നിന്ന് സര്‍വിസ് നടത്തുക.
ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനലുകളിലൊന്നായ ടെര്‍മിനല്‍ എ നിരവധി സവിശേഷതകളോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കെട്ടിടം എന്നറിയപ്പെടുന്ന ടെര്‍മിനല്‍ എ 7,42,000 ചതുരശ്ര മീറ്ററിലാണ് നിര്‍മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 11000 യാത്രികരുടെ നീക്കത്തിന് സൗകര്യമൊരുക്കുന്ന ടെര്‍മിനലില്‍ പ്രതിവര്‍ഷം 45 ദശലക്ഷത്തിലേറെ യാത്രികരെ ഉള്‍ക്കൊള്ളാനാകും. ഏതുസമയത്തും 79 വിമാനങ്ങളുടെ സര്‍വിസിന് ടെര്‍മിനലില്‍ സൗകര്യമുണ്ടാവും.
പരസ്പരം ബന്ധിപ്പിച്ച ബയോമെട്രിക് സംവിധാനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ടെര്‍മിനലിലുണ്ട്. സ്വയം സേവന കിയോസ്കുകള്‍, സുരക്ഷാ ചെക്പോയന്റുകള്‍, ബാഗേജ് കൈകാര്യം ചെയ്യാനുള്ള സംവിധാനം, യാത്ര തുടങ്ങുന്നതിനുമുമ്പു മുതല്‍ ബോര്‍ഡിങ് ഗേറ്റ് വരെയുള്ള ഡിജിറ്റലൈസ്ഡ് യാത്ര തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ടെര്‍മിനലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെര്‍മിനല്‍ എയ്ക്ക് അന്താരാഷ്ട്ര രൂപകല്പന പുരസ്കാരവും ഇതിനകം ലഭിച്ചുകഴിഞ്ഞു. പുറമേയുള്ള ഗ്ലാസുകള്‍ ടെര്‍മിനലിന്റെ ഉള്ളില്‍ പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്നതിന് സഹായിക്കുന്നതാണ്.
ടെര്‍മിനല്‍ എയുടെ കാര്‍ പാര്‍ക്കിങ് മേല്‍ക്കൂരയിലെ സൗരോര്‍ജ പാനലുകള്‍ നിലവില്‍ മൂന്നു മെഗാവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ വര്‍ഷം 5300 ടണ്ണോളം കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളല്‍ ഒഴിവാക്കാനാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

