നവീന സംവിധാനങ്ങൾ സഹായിച്ചു; ദുബൈയിൽ ബസ് ഓട്ടം കൃത്യസമയത്ത്
text_fieldsബസ് സ്റ്റേഷനിൽ യാത്രക്കാരന് ബസ് സമയം സംബന്ധിച്ച് നിർദേശം നൽകുന്ന ഉദ്യോഗസ്ഥൻ
ദുബൈ: നഗരത്തിലെ ബസ് സർവിസുകൾ കൃത്യസമയം പാലിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നിർമിതബുദ്ധിയും ബിഗ് ഡാറ്റയും അടക്കമുള്ള നവീന സംവിധാനങ്ങളുടെ ഉപയോഗമാണ് നേട്ടത്തിന് സഹായിച്ചത്. ബസുകളുടെ കൃത്യനിഷ്ട സൂചികയിൽ 50 ശതമാനം പുരോഗതി രേഖപ്പെടുത്തി. നവീന സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വിവരങ്ങൾ ഉപയോഗപ്പെടുത്തി സമയാസമയങ്ങളിൽ ബസുകളുടെ ഷെഡ്യൂൾ മാറ്റാനും റോഡിലെ തിരക്കിൽപെടുന്നത് ഒഴിവാക്കാനും സാധിക്കും. നിർമിതബുദ്ധി മാതൃക നടപ്പിലാക്കിയതിലൂടെ ബസ് ട്രിപ്പ് റദ്ദാക്കുന്നതിൽ നാല് ശതമാനം കുറവ് രേഖപ്പെടുത്തിയതായി ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ ബസ് വിഭാഗം ഡയറക്ടർ മർവാൻ അൽ സറൂനി പറഞ്ഞു.
ഡാറ്റ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥ പ്രതികരണ സംവിധാനം നടപ്പിലാക്കിയത് വിവിധ സാഹചര്യങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളിൽ മുന്നൊരുക്കം നടത്താനും സഹായിച്ചു.
നൂതന ഡാറ്റയുടെ ഉപയോഗം ആർ.ടി.എയുടെ സ്മാർട്ട് മാനേജ്മെന്റ് കാഴ്ചപ്പാടിന്റെ കേന്ദ്ര സ്തംഭമാണെന്നും അൽ സറൂനി വ്യക്തമാക്കി. നിർമിതബുദ്ധി പരീക്ഷണം എന്നതിനപ്പുറമിത്, ദുബൈ ബസ് ശൃംഖലയെ വേഗത്തിലും സുസ്ഥിരവും വിശ്വസനീയവുമാക്കി പ്രധാന പങ്കുവഹിക്കുന്ന ഒന്നായി. ഓരോ യാത്രക്കാരന്റെയും ആവശ്യം മുൻകൂട്ടി കാണാനും അതിനനുസരിച്ച് മെച്ചപ്പെടുത്താനും ആർ.ടി.എയെ സഹായിക്കുന്ന അടിസ്ഥാന സൗകര്യമായി എ.ഐ മാറി. ബസ് സർവിസുകൾ മികച്ചതും വേഗമേറിയതും കൂടുതൽ സുസ്ഥിരമാണെന്ന് ഉറപ്പാക്കുന്നതുമാണ് ഓരോ നവീകരണവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

