ഉമ്മുല്‍ ഇമാറാത് പാര്‍ക്കില്‍ പുതുസീസണ്‍ തുടങ്ങി
text_fieldsഅബൂദബി: വിനോദം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, കുടുംബ കൂട്ടായ്മകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ പരിപാടികളോടെ ഉമ്മുല്‍ ഇമാറാത് പാര്‍ക്ക് പുതിയ സീസണിന് തുടക്കം കുറിച്ചു. ജനപ്രിയ ആകര്‍ഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് പാര്‍ക്ക് ഈ സീസണ്‍ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടുമുതല്‍ ആരംഭിച്ച ‘സിനിമാ ഇന്‍ ദി പാര്‍ക്ക്’ പരിപാടിയിലൂടെ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും വൈകീട്ട് ആറ് മുതല്‍ ഒമ്പത് വരെ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ 23 മുതല്‍ ആരംഭിക്കുന്ന 'ദി പാര്‍ക്ക് മാറ്റ്' സീസണിലുടനീളം എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. പ്രാദേശിക സംരംഭകര്‍, ഭക്ഷണശാലകള്‍, ഷോപ്പിങ്, കമ്യൂണിറ്റി പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2026-27 സീസണിലും വിദ്യാഭ്യാസം പ്രധാന ഘടകമായി തുടരുന്നതിന്‍റെ ഭാഗമായി, വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികള്‍ക്കായി ഉമ്മുല്‍ ഇമാറാത് പാര്‍ക്കില്‍ പ്രത്യേക പരിപാടികളോടെ സ്‌കൂളുകളും സജീവമാവും.
ഇതിനുപുറമെ, ഫ്രീസ്‌റ്റൈല്‍ ആകര്‍ഷണമായ 'ബൗണ്‍സ്' ഒക്ടോബര്‍ ഒന്നിന് തന്നെ പാര്‍ക്കില്‍ പുതിയ സീസണിനായി തിരിച്ചെത്തിയിട്ടുണ്ട്. മൃഗങ്ങളുമായി ഇടപെടല്‍, തീറ്റ നല്‍കല്‍ സെഷനുകള്‍, കുതിരയോട്ടം, ഒട്ടകയോട്ടം എന്നിവയോടെ ‘അനിമല്‍ ബര്‍ണും’ സജീവമായി തിരിച്ചെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ മുഴുവന്‍ വിവിധ കമ്യൂണിറ്റി ആരോഗ്യ പരിപാടികള്‍ക്കും പാര്‍ക്ക് ആതിഥേയത്വം വഹിക്കും. സെഹയും അല്‍ റഹ്ബ ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പൊതു രക്തദാന ക്യാമ്പ് ഒക്ടോബര്‍ ഒമ്പതിന് വൈകീട്ട് നാല് മുതല്‍ ഒമ്പത് വരെ നടക്കും. പിങ്ക് ടോബര്‍ 2026ന്‍റെ ഭാഗമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23, 24 തീയതികളില്‍ മാമ്മോഗ്രാം ട്രക്കും സൗജന്യ ആരോഗ്യ പരിശോധനകളും ലഭ്യമാക്കും. സ്തനാര്‍ബുദ പരിശോധനയും പ്രതിരോധ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഒക്ടോബര്‍ 30ന് ശൈഖ് ശഖ്ബൂത് മെഡിക്കല്‍ സിറ്റിയുടെ നേതൃത്വത്തില്‍ മാമ്മോഗ്രാം ട്രക്ക്, വാക്കാത്തണ്‍, സമ്മാനദാനം എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രീകൃത പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെ ഷെയ്ഡ് ഹൗസ് ലോണില്‍ ഗുഗ്ഗന്‍ഹൈം അബൂദബി പോപ്-അപ്പ് പാര്‍ക്കില്‍ നടക്കും.
ഇമാറാത്തി കലാകാരനായ മുഹമ്മദ് കാസിമിന്‍റെ 'ഡയറക്ഷന്‍സ്' പരമ്പരയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്. രാവിലെ 11 മുതല്‍ രാത്രി എട്ട് വരെ ദിവസേന നടക്കുന്ന ഈ മൂന്ന് ദിവസത്തെ പരിപാടിയില്‍ കാസിമിന്റെ കലാപരമായ രീതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, 'പ്ലേസ് ആന്റ് പെര്‍സെപ്ഷന്‍' എന്ന സംവേദനാത്മക പ്രവര്‍ത്തനം, അദ്ദേഹത്തിന്റെ ഭൗമശാസ്ത്ര ഡാറ്റ ഉപയോഗത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടുള്ള മാപ്പിങ് വര്‍ക്ക്‌ഷോപ്പ്, പൊതു ക്വിസ് മത്സരങ്ങള്‍, സമ്മാനദാനം എന്നിവ ഉള്‍പ്പെടും. ഒക്ടോബര്‍ 23ന് 'ദി പാര്‍ക്ക് മാറ്റ്' തിരിച്ചെത്തും. കരുണയുടെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ഒക്ടോബറിലെ പരിപാടികള്‍ അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

