വ്യാജനെ കണ്ടെത്താൻ ദുബൈയിൽ എൽ.പി.ജി സിലിണ്ടറിന് പുതിയ സീൽ
text_fieldsമഞ്ഞ സുരക്ഷ സീൽ പതിച്ച പുതിയ ഗ്യാസ് സിലിണ്ടർ
ദുബൈ: എമിറേറ്റിൽ വിതരണം ചെയ്യുന്ന പാചകവാതക (എൽ.പി.ജി) സിലിണ്ടറുകളിലെ വ്യാജനെ കണ്ടെത്താനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മഞ്ഞ നിറത്തിൽ പുതിയ സീലുകൾ പതിക്കും. ‘ഇനോക്’ ഗ്രൂപ്പിന്‍റെ അനുബന്ധ സ്ഥാപനവും മുൻനിര എൽ.പി.ജി വിതരണക്കാരുമായ എമിറേറ്റ്സ് ഗ്യാസാണ് സിലിണ്ടറുകളിൽ പുതിയ സുരക്ഷ സീൽ പതിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അംഗീകൃതവും കൃത്രിമം കാണിക്കാത്തതുമായ സിലിണ്ടറുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ ഉപഭോക്താക്കളെ ഇത് സഹായിക്കും. ജൂൺ 18 മുതലാണ് പുതിയ സീലുകൾ പതിച്ച സിലിണ്ടറുകൾ കമ്പനി അവതരിപ്പിച്ചത്. വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ സുരക്ഷയും സമഗ്രതയും മെച്ചപ്പെടുത്താനായി കമ്പനി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. എമിറേറ്റിലെ മുഴുവൻ അംഗീകൃത വിതരണ ഏജൻസികൾക്കും പുതിയ മാറ്റം സംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നു. പുതിയ മാറ്റം നടപ്പിലാക്കുന്നതിനായി ജൂൺ 23വരെ സമയം ദീർഘിപ്പിച്ച് നൽകുകയും ചെയ്തിരുന്നു.
ഉപഭോക്താക്കൾ അംഗീകൃത വിതരണ ഏജൻസികളിൽ നിന്ന് മാത്രം ഗ്യാസ് സിലിണ്ടറുകൾ വാങ്ങണമെന്ന് എമിറേറ്റ്സ് ഗ്യാസ് അഭ്യർഥിച്ചു. വിതരണത്തിലോ ഗ്യാസ് സിലിണ്ടറുകളിലോ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൻ പ്രാദേശിക അതോറിറ്റിയെ അറിയിക്കണം. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവുമായ ഗ്യാസ് സിലിണ്ടറുകൾ എത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ദേശവ്യാപകമായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കർശനമായ സുരക്ഷ നടപടികൾ നടപ്പിലാക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

