എൻജിനീയറിങ് കൺസൾട്ടൻസികളെ നിയന്ത്രിക്കാൻ പുതിയ നിയമം
text_fieldsദുബൈ: എമിറേറ്റിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുതിയ നിയമം പുറപ്പെടുവിച്ചത്.
എമിറേറ്റിൽ എല്ലാ എൻജിനീയറിങ് മേഖലകളും ദുബൈ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. സാധുവായ ലൈസൻസില്ലാതെ എൻജിനീയറിങ് കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല. ആർക്കിടെക്ചറൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മൈനിങ്, പെട്രോളിങ്, കെമിക്കൽ, കോസ്റ്റൽ, ജിയോളജിക്കൽ എൻജിനീയറിങ് തുടങ്ങിയ മേഖലകളെല്ലാം നിയമത്തിന്റെ വ്യവസ്ഥയിൽ ഉൾപ്പെടും. ദുബൈ മുനിസിപ്പാലിറ്റിയിൽനിന്നുള്ള ട്രേഡ് ലൈസൻസും രജിസ്ട്രേഷനുമില്ലാതെ എൻജിനീയറിങ് കൺസൾട്ടൻസികളായി സ്വയം പ്രവർത്തിക്കുന്നതിൽനിന്ന് വ്യക്തികളെയും ഓഫിസുകളെയും നിയമം വിലക്കുകയും ചെയ്യുന്നുണ്ട്.
ഓഫിസുകളുടെ ലൈസൻസിന്റെ വ്യാപ്തി, വിഭാഗം, സാങ്കേതിക ജീവനക്കാരുടെ എണ്ണം, മറ്റ് വിവരങ്ങൾ എന്നിവ രജിസ്ട്രേഷനിൽ വിവരിച്ചിരിക്കണം. ലൈസൻസിൽ പറഞ്ഞിരിക്കുന്ന പരിധിക്ക് പുറത്ത് പ്രവർത്തനം വ്യാപിപ്പിക്കാനോ രജിസ്റ്റർ ചെയ്യാത്ത എൻജിനീയർമാരെ നിയമിക്കാനോ, ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടാനോ സ്ഥാപനങ്ങൾക്ക് അനുവാദമുണ്ടാകില്ല. എമിറേറ്റിൽ സ്ഥാപിതമായ എല്ലാ പ്രാദേശിക കമ്പനികൾ, യു.എ.ഇ ആസ്ഥാനമായി തുടർച്ചയായി ചുരുങ്ങിയത് മൂന്നു വർഷമായി പ്രവർത്തിക്കുന്ന കമ്പനികളുടെ ബ്രാഞ്ചുകൾ, പത്ത് വർഷം പ്രവർത്തന പരിചയമുള്ള വിദേശ കമ്പനികളുടെ ബ്രാഞ്ചുകൾ, ഒന്നിലധികം വിദേശ ഓഫിസുകളും പ്രാദേശിക കമ്പനികളും തമ്മിലുണ്ടാക്കിയ സംയുക്ത സംരംഭങ്ങൾ എന്നിവക്കെല്ലാം നിയമം ബാധകമാണ്. നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹമാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുകയും വർധിക്കും. കൂടാതെ രജിസ്ട്രിയിൽനിന്ന് ഒഴിവാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

