അൽ വർഖയിലേക്ക് പുതിയ പാത; യാത്രാസമയം കുറയും
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് അൽ വർഖയിലേക്ക് നിർമിച്ച പുതിയ പാത
ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് അൽ വർഖ പ്രദേശത്തേക്ക് പുതിയ പ്രവേശന, പുറത്തുകടക്കൽ പാത തുറക്കാനൊരുങ്ങി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അടുത്ത ആഴ്ചയോടെയാണ് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന പാത തുറക്കുന്നത്. ഇത് പ്രദേശത്തേക്കുള്ള യാത്രാസമയം 20 മിനിറ്റിൽനിന്ന് 3.5 മിനിറ്റിലേക്ക് കുറക്കുമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. 5.7 കി.മീറ്റർ ദൂരമുണ്ടായിരുന്ന യാത്ര 1.5 കി.മീറ്ററായാണ് കുറയുന്നത്. ഇതനുസരിച്ച് 80 ശതമാനം സമയലാഭമാണ് യാത്രക്കാർക്ക് ഇതിലൂടെ ലഭിക്കുക.
പുതിയ റൂട്ടിൽ മണിക്കൂറിൽ 5,000 വാഹനങ്ങളെ ഉൾക്കൊള്ളാനാകും. അതോടൊപ്പം ഗതാഗതക്കുരുക്ക് കുറക്കാനും പ്രദേശത്തേക്ക് പ്രവേശനം എളുപ്പമാക്കാനും സഹായിക്കുകയും ചെയ്യും. വിശാലമായ വികസന പദ്ധതിയുടെ ഭാഗമായി, താമസക്കാർക്കും സ്കൂൾ മേഖലകൾക്കും കൂടുതൽ ഉപകാരപ്പെടുന്നതിനായി ആർ.ടി.എ അൽ വർഖ 1ലെ സ്ട്രീറ്റ് 13 നവീകരിച്ചിട്ടുണ്ട്. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും യാത്രാ കാലതാമസം കുറക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള 8 കി.മീറ്റർ റോഡ് വികസന പദ്ധതിയുടെ ഭാഗമാണ് ഇത് പൂർത്തിയാക്കിയത്. ദുബൈയുടെ അതിവേഗമുള്ള നഗരവളർച്ചക്ക് അനുസൃതമായി സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ വേഗത്തിലും സുരക്ഷിതമായും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് പദ്ധതിയെന്ന് ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു. ബദൽ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി ആർ.ടി.എ അൽ വർഖ 3, 4 എന്നിവിടങ്ങളിലെ ഉൾറോഡ് നവീകരണം നടത്തുന്നുണ്ട്. പുതിയ കാൽനട പാതകൾ, പാർക്കിങ് സ്ഥലങ്ങൾ, 23 കി.മീറ്ററിലധികം സൈക്ലിങ് ട്രാക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
അൽ വർഖ 1ലെ നിലവിലെ റൗണ്ട്എബൗട്ടുകൾ സ്മാർട്ട് സിഗ്നലൈസ്ഡ് ഇന്റർസെക്ഷനുകളാക്കി മാറ്റുന്നതും ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നതാണ്. 136 വില്ലകളുള്ള മുഹമ്മദ് ബിൻ റാശിദ് ഭവന പദ്ധതിക്ക് സഹായകരമാകുന്ന റോഡുകൾ അൽ വർഖ 4ൽ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാൽനടപ്പാതകളും പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പിന്തുണക്കുന്നതിനായി 7.4 കി.മീറ്റർ സൈക്ലിങ് ട്രാക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. അൽ വർഖ നിവാസികളുമായി നടത്തിയ സംഭാഷണ സെഷനുകളിൽ ശേഖരിച്ച കമ്യൂണിറ്റി ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽകൂടിയാണ് നവീകരണങ്ങൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

