അൽ അവീർ ടൂറിസ്റ്റ് ക്യാമ്പുകളിലേക്ക് പുതിയ റോഡ് തുറന്നു
text_fieldsഅൽ അവീർ ടൂറിസ്റ്റ് ക്യാമ്പുകളിലേക്ക് ആർ.ടി.എ നിർമാണം പൂർത്തിയാക്കിയ ബദൽ റോഡ്
എട്ട് കിലോമീറ്ററിലാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്
ദുബൈ: അൽ അവീറിൽ വിനോദ ക്യാമ്പുകളിലേക്ക് മാത്രമായി എട്ട് കിലോമീറ്റർ നീളത്തിൽ ബദൽ റോഡ് നിർമിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ടൂറിസ്റ്റ് ക്യാമ്പുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സന്ദർശകർക്ക് സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് പുതിയ റോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ വ്യക്തമാക്കി.
വിനോദസഞ്ചാരികളെ താമസ മേഖലകളിൽ നിന്ന് വേർതിരിക്കുന്നതിനും എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷയും സ്വകാര്യതയും വർധിപ്പിക്കുന്നതിനുമായാണ് പുതിയ റൂട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് ക്യാമ്പുകളിലേക്കുള്ള ദിശ മനസ്സിലാക്കുന്നതിനായി റോഡിന്റെ വശങ്ങളിൽ സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ബദൽ റോഡ് ഗതാഗത സുരക്ഷ വർധിപ്പിക്കുക മാത്രമല്ല, പരിസരപ്രദേശങ്ങളിലെ താമസമേഖലകൾക്ക് ചുറ്റുമുള്ള ശാന്തത സംരക്ഷിക്കുന്നതുമാണെന്നും ആർ.ടി.എ വിശദീകരിച്ചു.
ശൈത്യകാലമായതോടെ അൽ അവീർ ഉൾപ്പെടെ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പിങ്ങിനായി വിനോദ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. എന്നാൽ, മഴ ശക്തമായതോടെ ചില വിനോദ കേന്ദ്രങ്ങളും പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടക്കേണ്ടിവന്നു. മഴ മാറിയതോടെ ഇവയെല്ലാം വീണ്ടും പ്രവർത്തനസജ്ജമായിട്ടുണ്ട്. രാത്രി മരുഭൂമികളിൽ ക്യാമ്പിങ് ചെയ്യുന്നവർക്ക് വേണ്ട മാർഗനിർദേശങ്ങൾ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. ക്യാമ്പുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം വിനോദ കേന്ദ്രങ്ങളും സാധാരണ നിലയിലായതായി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒക്ടോബർ മുതൽ അടുത്ത ഏപ്രിൽവരെയാണ് ദുബൈയിൽ ക്യാമ്പിങ് സീസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

