സിലിക്കൺ ഒയാസിസിൽ പുതിയ റോഡും പാലവും തുറന്നു
text_fieldsദുബൈ സിലിക്കൺ ഒയാസിസിൽ തുറന്ന പുതിയ റോഡും പാലവും
ദുബൈ: സിലിക്കൺ ഒയാസിസിലേക്കുള്ള യാത്ര എളുപ്പമാക്കി പുതിയ റോഡും പാലവും തുറന്നു. ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് വികസനത്തിന്റെ ഭാഗമായാണ് മൂന്ന് കി.മീ. റോഡും പാലങ്ങളും തുറന്നത്. ഇതോടെ ഈ മേഖലയിലെ യാത്രസമയം കുറയും.ദുബൈ അൽഐൻ റോഡിൽനിന്ന് അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെയാണ് പുതിയ റോഡ്. ഇവിടെ 120 മീറ്റർ ദൈർഘ്യമുള്ള രണ്ട് പാലവും നിർമിച്ചിട്ടുണ്ട്. ഇരുദിശയിലുമായി നാല് ലൈനുകൾ ഈ പാലത്തിലുണ്ട്.
പുതിയ പാതയിലൂടെ മണിക്കൂറിൽ 14,400 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും. രണ്ട് പാലങ്ങളുടെയും താഴ് ഭാഗത്തായി ട്രാഫിക് സിഗ്നൽ ജങ്ഷൻ ക്രമീകരിച്ചിട്ടുണ്ട്.ഈ ഭാഗത്ത് 20 ലൈനുകളാണ് നാല് ദിശയിലേക്കുമായി ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 8000 വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാം. സിലിക്കണിലെ താമസക്കാർക്ക് പുറമെ വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമാണ് ഈ റോഡ്. ഇവിടെ 25 സർവകലാശാലകളിലായി 27,500 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലെ അക്കാദമിക് സിറ്റി ഭാഗം മുതൽ അൽഅവീർ സ്ട്രീറ്റ് വരെയുള്ള വികസനവും ആർ.ടി.എയുടെ ഭാവി പദ്ധതിയിലുണ്ട്. സിലിക്കൺ ഒയാസിസിന്റെ വികസനത്തിന് മുഖ്യപങ്ക് വഹിക്കുന്ന റോഡാണിത്. രണ്ട് വർഷത്തിനുള്ളിലാണ് ഈ റോഡിന്റെ നിർമാണം പൂർത്തിയായത്. കഴിഞ്ഞ വർഷം ഈ മേഖലയിലെ മറ്റ് റോഡുകളും തുറന്നുകൊടുത്തിരുന്നു. സിലിക്കൺ ഒയാസിസിന്റെ പ്രവേശന കവാടങ്ങളിലൊന്നാണിത്. ഇവിടെ ഗതാഗതക്കുരുക്ക് പതിവായിരുന്നു. പുതിയ റോഡുകൾ യാഥാർഥ്യമായതോടെ ഗതാഗതം സുഗമമാകും. പരമാവധി റോഡുകളും പാലങ്ങളും ക്രോസിങ്ങുകളും ടണലുകളും സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സിലിക്കൺ ഒയാസിസിലെയും പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

