തൊഴിലിടങ്ങളിലെ അപകടം അറിയിക്കണം
text_fieldsദുബൈ: തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങളും ജീവനക്കാരുടെ പരിക്കും കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം. യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയമാണ് നിർദേശം പുറപ്പെടുവിച്ചത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിർദേശം. തൊഴിലുടമയാണ് വിവരം അറിയിക്കേണ്ടത്. വീഴ്ച വരുത്തിയാൽ ശിക്ഷാനടപടികൾ ഏറ്റുവാങ്ങേണ്ടിവരും.
(600) 590-000 എന്ന നമ്പറിലാണ് വിവരം അറിയിക്കേണ്ടത്. സർവിസ് സെന്ററുകളിൽ നേരിട്ടെത്തിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ സംഭവം റിപ്പോർട്ട് ചെയ്യാം. കമ്പനിയുടെ പേര്, പരിക്കേറ്റ ജീവനക്കാരന്റെ പേര്, സംഭവം നടന്ന തീയതിയും തീവ്രതയും, അപകടത്തെ കുറിച്ച് ഹ്രസ്വ വിവരണം, പ്രഥമശുശ്രൂഷ, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് നൽകേണ്ടത്. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ തൊഴിലിടങ്ങളിലെ അപകടങ്ങൾ കൈകാര്യം ചെയ്യുന്നതെങ്ങനെയാണെന്ന് അധികൃതർ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കും. തൊഴിൽപരമായ രോഗങ്ങളും പരിക്കുകളും അന്വേഷിക്കും. പരിക്ക് പറ്റിയാൽ തൊഴിലാളിയുടെ അവസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ട് മെഡിക്കൽ സമിതിയെക്കൊണ്ട് തയാറാക്കണം.
തൊഴിലാളിക്ക് ജോലിയുമായി ബന്ധപ്പെട്ട അസുഖമോ പരിക്കോ ഉണ്ടായാൽ ചികിത്സ നൽകാനും നഷ്ടപരിഹാരം നൽകാനും തൊഴിലുടമ ബാധ്യസ്ഥനാണ്. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം അടിസ്ഥാനമാക്കിയാണ് പരിക്കിന്റെ നഷ്ടപരിഹാരം നൽകേണ്ടത്. ഇതുസംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്ന് പരമാവധി 10 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. തൊഴിലാളി മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. തൊഴിലിടങ്ങളിലെ പരിക്കിന്റെ ഫലമായി ഭാഗിക വൈകല്യമുണ്ടായാൽ അതിനനുസരിച്ച് നഷ്ടപരിഹാരം നൽകണം. വൈകല്യം ഭാഗികമാണോ പൂർണമാണോ എന്നത് മെഡിക്കൽ കമ്മിറ്റി തീരുമാനിക്കും. മരണം സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരം തന്നെയാണ് പൂർണ വൈകല്യമുണ്ടാകുന്ന തൊഴിലാളിക്കും നൽകേണ്ടത്. തൊഴിലാളിക്ക് എല്ലാ ആനുകൂല്യവും ലഭിച്ചശേഷം മാത്രമേ കരാർ റദ്ദാക്കാവൂ എന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

