പുതിയ പ്രസിഡന്റ്; പുതിയ പ്രതീക്ഷകൾ
text_fieldsഫിഫ പ്രസിഡന്റ് ഇൻഫന്റീനോക്കൊപ്പം ശൈഖ് മുഹമ്മദ് ബിൻ സായിദ്
കായിക മേഖലയെ സ്നേഹിക്കുന്ന ഭരണാധികാരിയെ ലഭിക്കുക എന്നത് ഏതൊരു നാട്ടിലെയും കായിക താരങ്ങളുടെ സ്വപ്നമാണ്. യു.എ.ഇ അത്തരമൊരു സ്വപ്ന സാക്ഷാത്കാരത്തിലാണ്. കായികമേഖലക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന പ്രസിഡന്റിനെയാണ് അവർക്ക് കിട്ടിയിരിക്കുന്നത്. അതുകൊണ്ട്തന്നെ, ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ ഇമാറാത്തിലെ കായികലോകവും പ്രതീക്ഷയിലാണ്.
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന് കീഴിൽ അബൂദബി കിരീടാവകാശിയായിരിക്കുമ്പോൾ തന്നെ ശൈഖ് മുഹമ്മദ് കായിക മേഖലക്ക് വൻ പിന്തുണ നൽകിയിരുന്നു. ആയോധന കലയായ ജിയു ജിത്സുവിന്റെ യു.എ.ഇയിലെ വളർച്ചക്ക് പിന്നിൽ ശൈഖ് മുഹമ്മദിന്റെ കരങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ കായിക സ്നേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിയു ജിത്സു. എല്ലാ സ്കൂളുകളിലും ജിയു ജിത്സു പഠിപ്പിക്കാൻ നിർദേശം നൽകിയ അദ്ദേഹം കൂടുതൽ ആയോധനകലാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ലോകമേളകളിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് താരമുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഇതിനായി പൊതു-സ്വകാര്യ മേഖലകൾ ഈ ആയോധന കലയെ പിന്തുണക്കണമെന്നും നിർദേശിച്ചു.
കോവിഡ് കൊടുമ്പിരികൊണ്ടിരുന്ന 2020 ജൂലൈയിൽ അബൂദബി ലോകശ്രദ്ധ പിടിച്ചുപറ്റിയത് യു.എഫ്.സി ഫൈറ്റ് സംഘടിപ്പിച്ചായിരുന്നു. ലോകം മുഴുവൻ അടച്ചുപൂട്ടിയ ആ സമയത്ത് നടക്കില്ലെന്ന് വിധിയെഴുതിയ ലോകചാമ്പ്യൻഷിപ്പാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശത്തോടെ സുരക്ഷിതമായി നടത്തിക്കാണിച്ചത്. അബൂദബി യാസ് ഐലൻഡിന്റിൽ നടന്ന മത്സരത്തിൽ ലോക നമ്പർ വൺ ഫൈറ്റർമാരായ ഖബിബ് നർമഗോംദോവ്, കോണർ മക്ഗ്രിഗർ, ആൻഡേഴ്സൺ സിൽവ, കമറു ഉസ്മാൻ തുടങ്ങിയവരെ എത്തിക്കാനും കഴിഞ്ഞു.
ശൈഖ് മുഹമ്മദിന്റെ ഭരണകാലത്താണ് അൽ ഐൻ ഫുട്ബാൾ ക്ലബ്ബ് എ.എഫ്.സി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയത്. ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ്ബ് ടൂർണമെന്റിലേക്ക് യോഗ്യത നേടിയ ഏക യു.എ.ഇ ക്ലബ്ബും ഇതാണ്. ശൈഖ് മുഹമ്മദിന്റെ നിർദേശത്തിൽ പ്രവർത്തിക്കുന്ന ക്ലബ് 14 തവണ യു.എ.ഇ പ്രോ ലീഗിൽ മുത്തമിട്ടു. ഏഴ് തവണ പ്രസിഡന്റ്സ് കപ്പ്, അഞ്ച് തവണ സൂപ്പർ കപ്പ്, മൂന്ന് തവണ ഫെഡറേഷൻ കപ്പ്, രണ്ട് തവണ ലീഗ് കപ്പ് എന്നിവയും സ്വന്തമാക്കി. ഫോർമുല വൺ കാറോട്ട ചാമ്പ്യൻഷിപ്പിന്റെ ഫാൻ കൂടിയാണ് അദ്ദേഹം. യാസ് ഐലൻഡിൽ നടക്കുന്ന ഫോർമുല വൺ കാണാൻ എല്ലാ വർഷവും അദ്ദേഹം എത്താറുണ്ട്. കഴിഞ്ഞ സീസണിൽ അദ്ദേഹത്തിനൊപ്പം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഉണ്ടായിരുന്നു. ഇതിന് പുറമെ ടെന്നിസ്, ഗോൾഫ്, സ്ക്വാഷ്, ബാസ്കറ്റ്ബാൾ, നെറ്റ്ബാൾ, സ്കീയിങ്, സെയ്ലിങ് തുടങ്ങിയവക്കും അദ്ദേഹം പ്രോൽസാഹനം നൽകി.
ലോകപ്രശസ്ത ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പായ എൻ.ബി.എയെ അബൂദബിയിൽ എത്തിച്ചതും അദ്ദേഹമാണ്. വരുന്ന ഒക്ടോബറിൽ എൻ.ബി.എയുടെ രണ്ട് പ്രി സീസൺ ഗെയിമുകൾ അബൂദബിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

