സൈബർ കുറ്റകൃത്യ ബോധവത്കരണത്തിന് പുതിയ പ്ലാറ്റ്ഫോം
text_fieldsദുബൈ: സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് പൊതുസമൂഹത്തിൽ ബോധവത്കരണം സജീവമാക്കാൻ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ പ്ലാറ്റ് ഫോം ആരംഭിച്ച് ദുബൈ പൊലീസ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്സിലെ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്.സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനെക്കുറിച്ചുള്ള സമഗ്രമായ ഉള്ളടക്കം അറബിയിലും ഇംഗ്ലീഷിലും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. സാധാരണ കണ്ടുവരുന്ന തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്നും ഒഴിവാക്കാമെന്നും ഇതുവഴി പൊതുസമൂഹത്തിന് മനസ്സിലാക്കാൻ സാധിക്കും.
സമൂഹത്തിലെ കുട്ടികൾ, രക്ഷിതാക്കൾ, വ്യക്തികൾ, ബിസിനസ് ഉടമകൾ, തൊഴിലാളികൾ, സമൂഹ മാധ്യമ ഉപയോക്താക്കൾ എന്നിങ്ങനെ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ് പ്ലാറ്റ്ഫോം. ecrimehub.gov.ae/ar എന്ന വെബ് അഡ്രസ് വഴി എല്ലാവർക്കും പ്ലാറ്റ്ഫോമിൽ പ്രവേശിക്കാവുന്നതാണ്. സൈബർ സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനും പൊതുജന സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശപ്രകാരമാണ് പ്ലാറ്റ്ഫോം ആരംഭിച്ചതെന്ന് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ശംസി പറഞ്ഞു. ബോധവത്കരണം എല്ലാ കുറ്റകൃത്യങ്ങളെയും തടയുന്നതിന്റെ ആദ്യപടിയാണെന്നും, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സമൂഹ മാധ്യമങ്ങളും നിർമിതബുദ്ധിയും ഉപയോഗിക്കുന്നത് വർധിച്ച സാഹചര്യത്തിൽ പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോൺ തട്ടിപ്പുകൾ, ഫിഷിങ്, ഡീപ്ഫേക്കുകൾ, തട്ടിപ്പ് സന്ദേശങ്ങൾ, ക്യു.ആർ കോഡ് തട്ടിപ്പുകൾ, മാൽവെയർ, റാൻസംവെയർ, സോഷ്യൽ എൻജിനീയറിങ്, ഐഡന്റിറ്റി തെഫ്റ്റ് തുടങ്ങി വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് പ്ലാറ്റ്ഫോമിൽ വിശദീകരിച്ചിട്ടുണ്ട്. തട്ടിപ്പുകൾ എങ്ങനെ കണ്ടെത്താമെന്നും ഒഴിവാക്കാമെന്നും ഉപയോക്താക്കൾക്ക് പഠിക്കാനും അവരുടെ ഉപകരണങ്ങളും ഡിജിറ്റൽ ഐഡന്റിറ്റികളും എങ്ങനെ സംരക്ഷിക്കാമെന്ന് നന്നായി മനസ്സിലാക്കാനും പ്ലാറ്റ്ഫോം സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

