ഷാർജയിൽ 2440 പുതിയ പാർക്കിങ് സ്ഥലങ്ങൾ, 53 അനധികൃത പാർക്കിങ് ഏരിയകൾ അടച്ചു
text_fieldsഷാർജ: ഈ വർഷം തുടക്കംമുതൽ ഷാർജ സിറ്റി മുനിസിപ്പാലിറ്റി 2440 പുതിയ പാർക്കിങ് സ്ലോട്ടുകൾ തുറന്നതായി അധികൃതർ അറിയിച്ചു. എമിറേറ്റിലെ ജനസംഖ്യ വർധനക്കനുസരിച്ച് താമസക്കാർക്കും സന്ദർശകർക്കും മികച്ച പാർക്കിങ് സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പണമടച്ചുള്ള സ്ലോട്ടുകളുടെ എണ്ണം വർധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇതേ കാലയളവിൽ 53 അനധികൃത പാർക്കിങ് ഏരിയകൾ അടച്ചിട്ടുമുണ്ട്. ആവശ്യത്തിന് പൊതു പാർക്കിങ് സ്ഥലങ്ങൾ ലഭ്യമായ ഇടങ്ങളുടെ ഭംഗിയെ ബാധിക്കുമെന്നതിനാലാണ് അനധികൃത പാർക്കിങ് സ്ഥലങ്ങൾ അടച്ചിടാൻ നിർദേശിച്ചത്.
പൊതു പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും പണമടച്ചുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനും വേണ്ടി വാർഷിക പദ്ധതിയനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ പൊതു പാർക്കിങ് വകുപ്പ് ഡയറക്ടർ ഹാമിദ് അൽ ഖായിദ് പറഞ്ഞു. ഷാർജയിൽ നിലവിൽ 57,000 സ്ഥലങ്ങൾ പൊതു പാർക്കിങ്ങിന് അനുവദിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനാസംഘങ്ങൾ നിരീക്ഷണം നടത്തുന്നുമുണ്ട്. നിശ്ചിത ഫീസ് നൽകാതെ പാർക്കിങ്, ഒരേ സമയം ഒന്നിൽ കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ കൈവശപ്പെടുത്തൽ എന്നീ നിയമലംഘനങ്ങൾക്ക് ഇൻസ്പെക്ടർമാർ പിഴ ചുമത്തും -അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃത പാർക്കിങ് യാർഡുകൾ അടക്കുന്നതിന് മൂന്നു ദിവസം മുമ്പ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും ശരിയായ പാർക്കിങ് സ്ഥലങ്ങളിൽ ഉചിതമായ രീതിയിൽ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും ഇത്തരം സ്ഥലങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും അധികൃതർ പൊതുജനങ്ങളോട് പ്രസ്താവനയിൽ ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

