വൻകിട പരിപാടി മേഖലകളിൽ പുതിയ പാർക്കിങ് നിരക്ക് 17 മുതൽ
text_fieldsദുബൈ വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള ഭാഗങ്ങൾ ‘ഗ്രാൻഡ് ഈവന്റ് സോണാ’യി അടയാളപ്പെടുത്തി പാർക്കിൻ
പുറത്തുവിട്ട മാപ്പ്
ദുബൈ: വൻകിട പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾക്ക് സമീപത്ത് തിരക്കേറിയ സമയങ്ങളിൽ പാർക്കിങ് നിരക്ക് വർധിപ്പിക്കുന്നു. തിരക്കിനനുസരിച്ച് പാർക്കിങ് ഫീസ് നിശ്ചയിക്കുന്ന രീതി ഇത്തരം മേഖലകളിൽ ഈ മാസം 17 മുതൽ നടപ്പിലാക്കുമെന്ന് എമിറേറ്റിലെ പണമടച്ചുള്ള പാർക്കിങ് നിയന്ത്രിക്കുന്ന ‘പാർക്കിൻ’ കമ്പനിയാണ് വെളിപ്പെടുത്തിയത്.
മണിക്കൂറിന് 25 ദിർഹമാണ് ഇത്തരം സ്ഥലങ്ങളിൽ ഈടാക്കുക. പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പരിഗണന നൽകണമെന്നും ‘പാർക്കിങ്’ എക്സ് അക്കൗണ്ടിൽ കുറിച്ചു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള ഭാഗങ്ങൾ ‘ഗ്രാൻഡ് ഈവന്റ് സോൺ’ എന്ന നിലയിൽ വേർതിരിച്ചിട്ടുണ്ട്.
എമിറേറ്റിലെ നാല് പ്രധാന സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് നിരക്ക് വർധിപ്പിച്ച് കഴിഞ്ഞ ആഴ്ച കമ്പനി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അൽ സുഫൂഹ് 2, നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ദുബൈ ഇന്റർനെറ്റ് സിറ്റി എന്നിവ ഉൾപ്പെടെ എഫ് എന്ന് രേഖപ്പെടുത്തിയ മേഖലകളിലാണ് പാർക്കിങ് ഫീസ് വർധിപ്പിച്ചിരുന്നത്. ഫെബ്രുവരി ഒന്നുമുതലാണ് ഇവിടെ പുതിയനിരക്ക് പ്രാബല്യത്തിൽ വന്നത്.
30 മിനിറ്റിന് ഒരു ദിർഹമിൽനിന്ന് രണ്ട് ദിർഹമായാണ് ഫീസ് വർധിപ്പിച്ചത്. ഇതനുസരിച്ച് മണിക്കൂറിന് രണ്ട് ദിർഹമായിരുന്നത് നാലായി വർധിച്ചു. നേരത്തേ മണിക്കൂറിന് രണ്ട്, രണ്ട് മണിക്കൂറിന് അഞ്ച്, മൂന്നു മണിക്കൂറിന് എട്ട്, നാല് മണിക്കൂറിന് 11 ദിർഹം എന്നിങ്ങനെയായിരുന്നു നിരക്ക്. മാർച്ച് അവസാനത്തോടെ നടപ്പിലാക്കുന്ന വേരിയബ്ൾ പാർക്കിങ് നയത്തിന്റെ ഭാഗമായാണ് പുതിയ നിരക്ക് വർധന വരുത്തിയത്.
ദുബൈയിലെ ഒട്ടുമിക്ക പ്രധാന ഈവന്റുകളുടെയും വേദിയാണ് ദുബൈ വേൾഡ് ട്രേഡ് സെന്റർ. ഫെബ്രുവരി 17 മുതൽ ഇവിടെ ഭക്ഷ്യമേഖലയിലെ അന്തരാഷ്ട്ര പ്രദർശനമായ ‘ഗൾഫുഡ്’ അരങ്ങേറും. ആയിരക്കണക്കിന് പ്രദർശകരും പ്രതിനിധികളും സന്ദർശകരുമെത്തുന്ന ഇത്തരം പരിപാടികളുടെ സന്ദർഭത്തിലെ തിരക്ക് കുറക്കാൻ പുതിയ പാർക്കിങ് പരിഷ്കരണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പൊതുഗതാഗതം ഉപയോഗിക്കുന്നർക്ക് മെട്രോ വഴി വേൾഡ് ട്രേഡ് സെന്ററിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

