വിദ്യാർഥികൾക്ക് പുതിയ നോൽ കാർഡ്; നിരവധി ആനുകൂല്യങ്ങൾ
text_fieldsവിദ്യാർഥികൾക്ക് പുതിയ നോൽ കാർഡ് പുറത്തിറക്കുന്നതിന് ആർ.ടി.എയും ഐ.എസ്.ഐ.സി അസോസിയേഷനും തമ്മിൽ ‘മെന’ ട്രാൻസ്പോർട്ട് കോൺഗ്രസ് ആൻഡ് എക്സിബിഷൻ വേദിയിൽ കരാറൊപ്പിടുന്നു
ദുബൈ: എമിറേറ്റിലെ സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കുവേണ്ടി പുതിയ നോൽ കാർഡ് പുറത്തിറക്കി. വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്ന കാർഡിൽ പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാൻ 50 ശതമാനം വരെ നിരക്കിളവ് ലഭിക്കും. അതോടൊപ്പം നോൽ കാർഡ് സ്വീകരിക്കുന്ന റീടെയിൽ ഔട്ട്ലറ്റുകളിൽനിന്നും സ്കൂൾ, യൂനിവേഴ്സിറ്റി കാൻറീനുകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ 70 ശതമാനം വരെ നിരക്കിളവും പ്രമോഷനൽ ഓഫറുകളും ലഭിക്കും. സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യായന വർഷത്തിലാണ് നോൽ കാർഡ് പുറത്തിറക്കുക.
‘നോൽ പേ ആപ്പ്’ വഴി വിദ്യാർഥികൾക്ക് കാർഡിന് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നവർക്ക് കാർഡ് വീട്ടിലെത്തിച്ചു നൽകും. നിലവിൽ സ്റ്റുഡൻറ് നോൽ കാർഡുള്ളവർക്ക് അപ്ഗ്രേഡ് ചെയ്യാനും അവസരമുണ്ടാകും. നിരവധി വിദ്യാർഥികൾ നിലവിൽ തന്നെ നോൽ കാർഡ് ഉപയോഗിച്ച് പൊതുഗതാഗത സൗകര്യങ്ങൾ വഴി സ്കൂളിലേക്കും കോളജുകളിലേക്കും പോയി വരുന്നുണ്ട്. ഇതിനായി ഇവർക്ക് വ്യക്തിഗത ബ്ലൂ കാർഡാണ് നൽകുന്നത്. എമിറേറ്റ്സ് ഐ.ഡിയും സ്റ്റുഡന്റ് ഐ.ഡിയും സമർപ്പിച്ചാൽ ഈ കാർഡ് ലഭ്യമാണ്. വിദ്യാർഥിയുടെ പേരും ഫോട്ടോയും പതിച്ചതാണിത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സ്റ്റുഡന്റ് ഐ.ഡി കാർഡ് കൂടിയായിരിക്കും പുതുതായി പുറത്തിറക്കുന്ന നോൽ കാർഡ്. ഇന്റർനാഷനൽ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡ്(ഐ.എസ്.ഐ.സി) അസോസിയേഷൻ വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ, സേവനങ്ങൾ, ഡിസ്കൗണ്ടുകൾ എന്നിവയും ഈ കാർഡ് വഴി ലഭിക്കും.റോഡ് ഗതാഗത അതോറിറ്റിയും(ആർ.ടി.എ) ഐ.എസ്.ഐ.സി അസോസിയേഷനും തമ്മിൽ ‘മെന’ ട്രാൻസ്പോർട്ട് കോൺഗ്രസ് ആൻഡ് എക്സിബിഷൻ വേദിയിലാണ് പുതിയ കാർഡ് പുറത്തിറക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചത്.
മെട്രോ, ട്രാം, ബസ്, സമുദ്രഗതാഗതം തുടങ്ങിയ പൊതു യാത്രാ സൗകര്യങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികളുടെ ദിവസേനയുള്ള സഞ്ചാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നോൽ കാർഡ് പുറത്തിറക്കുന്നതെന്ന് ആർ.ടി.എ കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവിസസ് സെക്ടർ സി.ഇ.ഒ മുഹമ്മദ് അൽ മുദാരിബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

