അൽ ബർഷ സൗത്ത് 2വിൽ പുതിയ പള്ളി തുറന്നു
text_fieldsദുബൈ: ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റ് (ഐ.എ.സി.എ.ഡി) ദുബൈ അൽ ബർഷ സൗത്ത് 2 വിൽ പുതിയ പള്ളി തുറന്നു. 700 പുരുഷൻമാരും 150 സ്ത്രീകളും അടക്കം 850 വിശ്വാസികൾക്ക് ആരാധന നിർവഹിക്കാനുള്ള സൗകര്യമാണ് പള്ളിക്കുള്ളത്. അൽ ബർഷ സൗത്ത് 2വിലും പരിസരങ്ങളിൽ താമസിക്കുന്ന വിശ്വാസികൾക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് പള്ളിയുടെ നിർമാണം.
പരമ്പരാഗതമായ ഇസ്ലാമിക വാസ്തുവിദ്യകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ആധുനിക ശൈലിയിലാണ് പള്ളിയുടെ രൂപകൽപന. പ്രധാന പ്രാർഥന ഹാൾ, സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള പ്രത്യേക സ്ഥലം, മിനാരം, കവാടം എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം. അംഗശുദ്ധി (വുളു) വരുത്താനുള്ള സ്ഥലം, പാർക്കിങ് സ്ഥലങ്ങൾ, നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കും വയോധികർക്കും പ്രവേശനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആധുനിക രീതിയിൽ പൂർണമായും ശീതീകരിച്ച പള്ളിയിൽ നൂതനമായ ശബ്ദ സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഊർജ കാര്യക്ഷമതയുള്ള വെളിച്ച സംവിധാനങ്ങൾക്കൊപ്പം ദുബൈയുടെ പരിസ്ഥിതി ലക്ഷ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന സുസ്ഥിരമായ മറ്റു സവിശേഷതകളും പള്ളിയിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

