പുതിയ മെട്രോ ലിങ്ക് ബസ് സർവിസുമായി ആർ.ടി.എ
text_fieldsദുബൈ: മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ ബസ് സർവിസുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ജബൽ അലി മെട്രോ സ്റ്റേഷനിൽനിന്ന് ബ്ലൂ വാട്ടർ ഐലൻഡിലേക്കാണ് സർവിസ്. 'എഫ്-57' എന്ന നമ്പറിൽ ബസ് സർവിസ് ജൂൺ 20 മുതലാണ് ആരംഭിക്കുക.
പ്രധാന നേരങ്ങളിൽ ഒരോ അരമണിക്കൂറിലും സർവിസുണ്ടാകും. മറ്റു 15 റൂട്ടുകളിലെ ബസ് സർവിസുകൾ മെച്ചപ്പെടുത്താനും തീരുമാനിച്ചതായി ആർ.ടി.എ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു.
ദുബൈയിൽ ബസ് യാത്ര ന്യായമായ ചെലവ് മാത്രം ആവശ്യമുള്ളതും നഗരസൗന്ദര്യം ആസ്വദിക്കാൻ അവസരം നൽകുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേനലവധിക്കാലത്തിന് മുന്നോടിയായി ബസുകളുടെ സമയക്രമം ക്രമീകരിച്ചും ആവശ്യാനുസരണം പുതിയ റൂട്ടുകൾ ആരംഭിച്ചും പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ആർ.ടി.എയെന്നും അദ്ദേഹം വ്യക്തമാക്കി.

