ഖോര്‍ഫക്കാനില്‍ പുതിയ സമുദ്ര സംരക്ഷണ കേന്ദ്രം
text_fieldsഷാര്‍ജ: സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് ഖോര്‍ഫക്കാനില്‍ അല്‍ ഖല്ഖലി മറൈന്‍ റിസര്‍വ് സ്ഥാപിക്കാൻ ഉത്തരവിട്ട് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. സമുദ്ര ആവാസവ്യവസ്ഥ നശിപ്പിക്കുക, വന്യജീവികളെയും സമുദ്ര ജീവികളെയും ഉപദ്രവിക്കുകയോ വേട്ടയാടുകയോ ചെയ്യുക, കേന്ദ്രത്തിന്റെ സൗന്ദര്യത്തിന് പ്രതികൂലമാകുംവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയുള്‍പ്പെടെ റിസര്‍വിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന എല്ലാ പ്രവൃത്തികള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.
സംരക്ഷണ കേന്ദ്രത്തില്‍നിന്ന് പാറ, മണ്ണ്, വെള്ളം എന്നിവ ശേഖരിക്കുകയോ മലിനമാക്കുകയോ ചെയ്യുക, പുറത്തുനിന്ന് ജീവജാലങ്ങളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുക, സസ്യങ്ങളുടെയും മൃഗങ്ങളുടെയും പ്രകൃതിദത്ത ആവാസവ്യവസ്ഥകള്‍ നശിപ്പിക്കുക, വന്യജീവികളെ ദോഷകരമായി ബാധിക്കുന്ന വിനോദ, കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, അനുമതിയില്ലാതെ റിസര്‍വിനുള്ളില്‍ കെട്ടിടങ്ങളും റോഡുകളും സൗകര്യങ്ങളും നിര്‍മിക്കുക, വാഹനം ഉപയോഗിക്കുക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയും നിരോധിച്ചിട്ടുണ്ട്. സംരക്ഷണ കേന്ദ്രത്തിനുള്ളിലെ ജീവജാലങ്ങളെ പൂര്‍ണമായും സംരക്ഷിക്കണമെന്ന് 1999ലെ ഫെഡറല്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമവ്യവസ്ഥകള്‍ ലംഘിച്ചാല്‍ നഷ്ടപരിഹാരവും നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ചെലവുകളും വഹിക്കേണ്ടിയും വരും. കേന്ദ്രത്തിലെ നിയമലംഘനങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഷാര്‍ജ പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സംരക്ഷണ കേന്ദ്രത്തെ ബാധിക്കുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും ഇതിന് പരിസരങ്ങളിൽ അനുവദിക്കില്ല. ബന്ധപ്പെട്ട അതോറിറ്റികളിൽനിന്നുള്ള അനുമതിയോടെയുള്ള പ്രവർത്തനങ്ങൾ മാത്രം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

