Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിധി വിടരുത്​, ആരോഗ്യം​ പ്രധാനം; ഭക്ഷ്യോൽപന്നങ്ങളിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി

text_fields
bookmark_border
ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി; ലംഘിച്ചാൽ 5,00,000 ദിർഹം വരെ പിഴ
പരിധി വിടരുത്​, ആരോഗ്യം​ പ്രധാനം; ഭക്ഷ്യോൽപന്നങ്ങളിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി
cancel

ദുബൈ: യു.എ.ഇയിൽ വിൽക്കുന്ന ഭക്ഷ്യോൽപന്നങ്ങളിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി നിശ്ചയിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും പോഷകഗുണമുള്ള ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി. രാജ്യത്ത് പ്രാദേശികമായി നിർമിക്കുന്നതും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ തെരഞ്ഞെടുത്ത ഭക്ഷ്യോൽപന്നങ്ങൾക്ക് പുതിയ നിയമം ബാധകമാണ്.

പുതിയ നിബന്ധനകൾ അനുസരിച്ച് ഭക്ഷ്യോൽപന്നങ്ങളിലെ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരും. 2030 ഡിസംബർ 31നകം മന്ത്രാലയം നിർദേശിച്ച സുരക്ഷിതമായ അന്തിമ പരിധിയിലേക്ക് ഉൽപന്നങ്ങൾ എത്തിക്കണം. വിപണിയിൽ നിലവിലുള്ള സ്റ്റോക്കുകൾക്ക് പരമാവധി ഒരു വർഷം വരെയോ അവയുടെ കാലാവധി കഴിയുന്നത് വരെയോ വിൽപന തുടരാൻ ഇളവ് നൽകിയിട്ടുണ്ട്.

പായ്ക്ക്​ ചെയ്ത എല്ലാ ഭക്ഷ്യോൽപന്നങ്ങൾക്കും ഫ്രീ സോണുകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വിതരണ, വിൽപന സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. വിപണിയിൽ ലഭ്യമാകുന്ന ഭക്ഷണസാധനങ്ങളിൽ ഏകീകൃതമായ പോഷകാഹാര നിലവാരം ഉറപ്പാക്കാനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വൻ തുക പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. ഔദ്യോഗിക മുന്നറിയിപ്പിൽ തുടങ്ങി 5,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. കൂടുതൽ ഗുരുതരമായ നിയമലംഘനങ്ങളോ തുടർച്ചയായ വീഴ്ചകളോ ഉണ്ടായാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസ്​ റദ്ദാക്കാനും മന്ത്രാലയത്തിന് അധികാരമുണ്ട്.

രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനുമായി യു.എ.ഇ നടപ്പാക്കുന്ന സുപ്രധാന ചുവടുവെപ്പാണിത്. കച്ചവട മേഖലക്ക്​ പൊടുന്നനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും നിർമാതാക്കൾക്ക് ഉൽപന്നങ്ങളുടെ ചേരുവകളിൽ മാറ്റം വരുത്താനും ആവശ്യത്തിന് സമയം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New limits on sodium, sugar and fat in food products
Next Story