പുതുവത്സരത്തിൽ പുതുനിയമങ്ങൾ
text_fieldsദുബൈ: പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ യു.എ.ഇ കാത്തിരിക്കുന്നത് സുപ്രധാന മാറ്റങ്ങൾക്ക്. ജനുവരി ഒന്നു മുതൽ സ്ഥാപനങ്ങളിലെ ഇമാറാത്തിവത്കരണം കൂടുതൽ ശക്തമാക്കുന്നതും ജോലി നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തുന്നതുമാണ് പ്രധാനമാറ്റങ്ങൾ. യു.എ.ഇ പൗരന്മാർക്കും പ്രവാസികൾ അടക്കമുള്ള തൊഴിലാളികൾക്കും ഉപകാരപ്രദമാകുന്ന നിയമ മാറ്റങ്ങളാണിവ. ഇമാറാത്തി സർക്കാർ ജീവനക്കാർക്ക് ബിസിനസ് ചെയ്യാൻ ഒരുവർഷം അവധി നൽകുന്ന നിയമം ജനുവരി രണ്ടു മുതൽ നടപ്പാകും. ഇതിന് പുറമെ, കോർപറേറ്റ് നികുതി, അമുസ്ലിംകൾക്ക് വ്യക്തിഗത നിയമം എന്നിവ നടപ്പാക്കുന്നതും ഈ വർഷമാണ്.
തൊഴിൽ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ്
തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ നടപടി ജനുവരി ഒന്ന് മുതൽ നിലവിൽ വരും. ജീവനക്കാർക്ക് ആത്മവിശ്വാസത്തോടെ ജോലിചെയ്യുന്നതിന് ഇതു വഴിയൊരുക്കും. ജോലി പോയാൽ മൂന്നു മാസം വരെ ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ജീവനക്കാർക്ക് മാസം അഞ്ച് ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷുറൻസിന്റെ ഭാഗമാകാം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും.
രണ്ടു തരം ഇൻഷുറൻസാണ് അവതരിപ്പിക്കുന്നത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ചു ദിർഹം വീതം അടച്ച് ഇൻഷുറൻസിൽ ചേരാം. അല്ലെങ്കിൽ വർഷത്തിൽ 60 ദിർഹം അടക്കണം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ മാസം 10 ദിർഹം വീതമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടക്കണം. മാസത്തിലോ 3, 6, 9 മാസം കൂടുമ്പോഴോ പ്രീമിയം അടക്കാനും സൗകര്യമുണ്ട്. ജീവനക്കാരാണ് ഇൻഷുറൻസ് തുക അടക്കേണ്ടത്, സ്ഥാപനമല്ല.
ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക് പരമാവധി പ്രതിമാസം 10,000 ദിർഹമാണ് ഇൻഷുറൻസായി ലഭിക്കുക. 16,000 ദിർഹമിന് മുകളിലുള്ളവർക്ക് പരമാവധി 20,000 ദിർഹം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഇൻഷ്വറൻസ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്നു മാസം വരെയാണ് ഇൻഷുറൻസ് തുക ലഭിക്കുന്നത്. എന്നാൽ, ഇക്കാലയളവിനിടെ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താൽ പിന്നീട് തുക ലഭിക്കില്ല. സ്മാർട്ട് ആപ്ലിക്കേഷൻ, ഇൻഷുറൻസ് പൂളിന്റെ ഇ പോർട്ടൽ, കോൾ സെന്റർ എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാം. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ െക്ലയിമിനായി അപേക്ഷ സമർപ്പിക്കണം. രണ്ടാഴ്ചക്കുള്ളിൽ തുക ലഭിച്ച് തുടങ്ങും. ഇൻഷുറൻസ് പൂളിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, എ.ടി.എം, കിയോസ്ക് മെഷീൻ, ബിസിനസ് സെന്റർ, മണി എക്സ്േചഞ്ച് സ്ഥാപനങ്ങൾ, ഡു, ഇത്തിസാലാത്ത്, എസ്.എം.എസ് തുടങ്ങിയ സംവിധാനങ്ങൾ വഴി ഉപഭോക്താക്കൾക്ക് സ്കീമിൽ ചേരാം.
ഇമാറാത്തിവത്കരണം
50 ജീവനക്കാർക്ക് മുകളിലുള്ള സ്വകാര്യസ്ഥാപനങ്ങളിൽ രണ്ടു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന നിർദേശം ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതു നടപ്പാക്കാത്ത സ്ഥാപനങ്ങൾ വൻ തുക പിഴ അടക്കണം. ഒരു ഇമാറാത്തി ജീവനക്കാരന് മാസം 6000 ദിർഹം എന്ന കണക്കിൽ 72,000 ദിർഹമാണ് വർഷത്തിൽ പിഴ അടക്കേണ്ടത്. ഫ്രീസോണിലുള്ള കമ്പനികൾക്ക് ഇത് ബാധകമല്ല. 2026ഓടെ സ്വകാര്യമേഖലയിൽ 10 ശതമാനം ഇമാറാത്തിവത്കരണം എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ‘നാഫി’ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളത്തിന് പുറമെ ഇമാറാത്തി ജീവനക്കാർക്ക് സർക്കാറിന്റെ വക വിഹിതവും നൽകും. എന്നാൽ, ഈ വിഹിതത്തിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ബിരുദമുള്ളവർക്ക് 7000 ദിർഹമാണ് സർക്കാർ ടോപ് അപ്പായി നൽകുന്നത്. ഡിപ്ലോമക്കാർക്ക് 6000 ദിർഹമും ഹൈസ്കൂൾ കഴിഞ്ഞവർക്ക് 5000 ദിർഹമുമാണ് ടോപ് അപ്പായി ലഭിക്കുന്നത്.
കൂടുതൽ സ്വദേശികളെ നിയമിക്കുന്നവർക്ക് കൂടുതൽ ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നിരട്ടി ഇമാറാത്തികളെ നിയമിക്കുന്നവർക്ക് 250 ദിർഹമിന് വർക്ക് പെർമിറ്റ് ലഭിക്കും. രണ്ടിരട്ടി സ്വദേശിവത്കരണം നടപ്പാക്കുന്നവർക്ക് 1200 ദിർഹമാണ് വർക്ക് പെർമിറ്റ് ഫീസ്. സാധാരണ രീതിയിൽ 3750 ദിർഹമാണ് ഫീസ്. അതേസമയം, വർക്ക് പെർമിറ്റ് ലഭിച്ച ശേഷവും ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാരൻ 20,000 ദിർഹം പിഴ അടക്കേണ്ടി വരും. ഇമാറാത്തി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നൽകുന്നവർക്ക് 20,000 ദിർഹം മുതൽ ലക്ഷം ദിർഹം വരെ പിഴയിടും.
ബിസിനസ് തുടങ്ങാൻ ദീർഘ അവധി
യു.എ.ഇ പൗരന്മാരായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ഒരു വർഷത്തെ അവധി നൽകാനുള്ള തീരുമാനം ജനുവരി രണ്ടു മുതൽ നടപ്പിൽ വരും. സർക്കാർ ജോലി നഷ്ടപ്പെടുത്താതെ തന്നെ ഇമാറാത്തികൾക്ക് ബിസിനസ് ചെയ്യാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം. അവധിയെടുക്കുന്ന കാലത്ത് ശമ്പളത്തിന്റെ പകുതി ലഭിക്കും. ജീവനക്കാരൻ ജോലിചെയ്യുന്ന ഫെഡറൽ അതോറിറ്റിയുടെ മേധാവിയാണ് അവധി അനുവദിക്കേണ്ടത്. അവധിക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

