ഷാർജയിൽ ജുഡീഷ്യൽ പരിഷ്കാരങ്ങളുമായി പുതിയ നിയമം
text_fieldsഷാർജ: നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിലും ജുഡീഷ്യൽ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും സുപ്രധാന ചുവടുവെപ്പായി വിലയിരുത്തുന്ന ജുഡീഷ്യൽ പരിഷ്കാരം സംബന്ധിച്ച പുതിയ നിയമം ഷാർജയിൽ നടപ്പിലാക്കിത്തുടങ്ങി. ജുഡീഷ്യൽ അധികാര നിയന്ത്രണം സംബന്ധിച്ച 2025ലെ നിയമം നമ്പർ 7 ആണ് ഷാർജ ഔദ്യോഗികമായി നടപ്പിലാക്കാൻ തുടങ്ങിയത്. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഈ നിയമം പുറപ്പെടുവിച്ചത്.
നീതി ലഭിക്കുക എന്നത് ഒരു മൗലികാവകാശമാണെന്ന് പുതിയ നിയമം അടിവരയിടുന്നുണ്ട്. ജുഡീഷ്യൽ കാര്യങ്ങളിൽ ഇടപെടുന്നത് നിരോധിക്കുന്നു, നിയമത്തിന് മുന്നിൽ തുല്യത നിർബന്ധമാക്കുന്നു, വിവേചനമില്ലാതെ നിഷ്പക്ഷമായ നിയമ നടപടികൾ ഉറപ്പാക്കുന്നു എന്നിവ നിയമത്തിന്റെ പ്രത്യേകതകളാണ്. ജഡ്ജിമാർക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന നിയമം, ഭരണഘടനയോട് മാത്രമേ അവർ ബാധ്യസ്ഥരാകുന്നുള്ളൂവെന്ന് വ്യക്തമാക്കുന്നുണ്ട്. നീതിന്യായ പ്രക്രിയയിലുടനീളം സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനും പൊതു അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനും അത്യാവശ്യമായ ഒരു നടപടിയാണിതെന്ന നിലയിലാണിത്.
ജുഡീഷ്യൽ അതോറിറ്റി നിയമത്തിൽ ഒമ്പത് അധ്യായങ്ങളിലായി 89 ആർട്ടിക്ക്ൾസാണ് ഉൾപ്പെടുന്നത്. അവയിൽ നീതിന്യായ വ്യവസ്ഥയുടെ വിവിധ ഘടകങ്ങളായ കോടതികൾ, പബ്ലിക് പ്രോസിക്യൂഷൻ, നീതിന്യായ വകുപ്പ്, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഇൻസ്പെക്ഷൻ വകുപ്പ്, ജഡ്ജിയുടെ യോഗ്യതകൾ, ഭരണപരമായ റോളുകൾ എന്നിവ അഭിസംബോധന ചെയ്യുന്നുണ്ട്.
ഷാർജയിലെ നിയമവ്യവസ്ഥയിലെ ചരിത്രപരമായ ഒരു സംഭവവികാസമാണ് ഈ നിയമമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഷാർജയിലെ പ്രധാന നിയമ സ്ഥാപനങ്ങളുടെ റോളുകൾ നിയമം വ്യക്തമായി നിർവചിക്കുന്നുണ്ട്. ഈ വ്യക്തത സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുകയും സ്ഥാപനപരമായ പ്രകടനം മെച്ചപ്പെടുത്തുകയും കേസ് പരിഹാരം വേഗത്തിലാക്കുകയും ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

