വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്താൻ പുതിയ നിയമം
text_fieldsഅബൂദബി: വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി നിയമം പുറപ്പെടുവിച്ച് യു.എ.ഇ സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ചട്ടക്കൂടുകളാണ് പ്രഖ്യാപിച്ചത്.
പാഠ്യപദ്ധതിയുടെ രൂപകല്‍പ്പന, അംഗീകാരം, നടപ്പാക്കല്‍, പുനപ്പരിശോധന എന്നിവയെ നിയന്ത്രിക്കുന്ന സമഗ്രമായ ചട്ടക്കൂടാണ് ഈ നിയമത്തിലുള്ളത്.
ഫെഡറല്‍, പ്രാദേശിക അധികൃതരുടെ ഉത്തരവാദിത്തങ്ങളും പങ്കും ഈ നിയമം സമഗ്രമായി നിര്‍വചിക്കുന്നു. രാജ്യത്തിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ പരുവപ്പെടുത്തുന്നതില്‍ ഫലപ്രദമായ ഏകോപനം, സുതാര്യത, ഉത്തരവാദിത്തം, പൊതു പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു.
ഭാവിയിലെ വികസനവും സാമൂഹികാവശ്യങ്ങളും തൊഴില്‍ വിപണി ആവശ്യകതയും കണക്കിലെടുത്ത് ഭാവിയില്‍ മാറ്റങ്ങള്‍ക്കു വിധേയമാകാന്‍ അനുമതി നല്‍കുന്നതിനൊപ്പം സുസ്ഥിരമായ ഒരു ദേശീയ പാഠ്യപദ്ധതി നിലനിര്‍ത്തുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുക, വിദ്യാഭ്യാസ മേഖലയുടെ മല്‍സരക്ഷമത വര്‍ധിപ്പിക്കുക, പ്രാദേശിക-ആഗോള സമ്പദ് വ്യവസ്ഥകളുമായി ഫലപ്രദമായി സംയോജിക്കാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുക എന്നതും നിയമത്തിന്റെ ലക്ഷ്യമാണ്.
കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ 12ാം തരം വരെ ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും ഈ നിയമം ബാധകമാണ്.
ദേശീയ പാഠ്യപദ്ധതി പിന്തുടരാത്ത സ്വകാര്യ സ്കൂളുകള്‍ക്കും നിയമം ഭാഗികമായി ബാധകമാണ്. ദേശീയ മൂല്യങ്ങളും നിര്‍ബന്ധിത വിഷയങ്ങളും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇത്തരത്തില്‍ നടപ്പാക്കേണ്ടത്.
വിദ്യാഭ്യാസ നയത്തിന്റെ പരമോന്നത കേന്ദ്രമായി ദേശീയ വിദ്യാഭ്യാസ ചട്ടങ്ങളെയാണ് നിയമം ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

