കോൺട്രാക്ടിങ് മേഖല നിയന്ത്രണത്തിന് പുതിയ നിയമം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: എമിറേറ്റിലെ കോൺട്രാക്ടിങ് മേഖലയെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കരാറുകാരെ അവരുടെ വൈദഗ്ധ്യം, യോഗ്യതകൾ, കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നതിനുള്ള വ്യക്തമായ ചട്ടക്കൂട് സ്ഥാപിക്കുന്നതാണ് നിയമം. കോൺട്രാക്ടിങ് മേഖലയിലെ മാനദണ്ഡങ്ങളും രീതികളും ഏകീകരിക്കുക എന്നതാണ് നിയമനിർമാണത്തിന്റെ ലക്ഷ്യം.
മേഖലയിൽ സുതാര്യത വർധിപ്പിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കുന്നതിനുമാണ് നിയമം രൂപപ്പെടുത്തിയത്. ദുബൈയുടെ ദ്രുതഗതിയിലുള്ള നഗര, സാമ്പത്തിക വികസനവുമായി കോണട്രാക്ടിങ് മേഖലയെ മികച്ച രീതിയിൽ യോജിപ്പിക്കുന്നതും ഇതിലൂടെ ലക്ഷ്യംവെക്കുന്നു. നിയമമനുസരിച്ച് ദുബൈ മുനിസിപ്പാലിറ്റിയിലെ ഒരു പ്രതിനിധി അധ്യക്ഷനായ ‘കോൺട്രാക്റ്റിങ് ആക്ടിവിറ്റീസ് റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റി’ രൂപീകരിക്കും. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള അംഗങ്ങൾ ഈ കമ്മിറ്റിയിലുണ്ടാകും. കോൺട്രാക്ടിങ് പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള ചുമതലയും ഈ കമ്മിറ്റിക്കായിരിക്കും. ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡി.ഐ.എഫ്.സി) അടക്കമുള്ള പ്രത്യേക വികസന മേഖലകളിലും ഫ്രീ സോണുകളിലും പ്രവർത്തിക്കുന്നവർ ഉൾപ്പെടെ ദുബൈയിലെ എല്ലാ കരാറുകാർക്കും ഈ നിയമം ബാധകമാണ്.
അതേസമയം, വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുമായും മറ്റ് ചില പദ്ധതികളുമായും ബന്ധപ്പെട്ട കരാർ പ്രവർത്തനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരില്ല. ഇത് കമ്മിറ്റിയുടെ ശിപാർശകളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. കോൺട്രാക്ടർ രജിസ്ട്രേഷനുള്ള മാനദണ്ഡങ്ങൾ നിയമം വിശദീകരിക്കുന്നുണ്ട്. എമിറേറ്റിലെ നിർമാണ മേഖലയിലെ കരാറുകാരുടെ റേറ്റിങ്ങിന് പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി നേരത്തേ അറിയിച്ചിരുന്നു. കരാറുകാരുടെയും എൻജിനീയറിങ് സ്ഥാപനങ്ങളുടെയും പ്രകടനം വിലയിരുത്തുന്നതിന് കൂടുതൽ കൃത്യവും സംയോജിതവുമായ ചട്ടക്കൂട് നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംവിധാനം രൂപപ്പെടുത്തിയത്. പ്രകടനം വിലയിരുത്തുന്നതിന് വ്യത്യസ്തമായ മാനദണ്ഡങ്ങളും രീതികളും ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനം നിലവിൽവരുക. സ്ഥാപനങ്ങളുടെ സാങ്കേതിക കഴിവ്, പദ്ധതി നിർവഹണ ഗുണനിലവാരം, മാനദണ്ഡങ്ങൾ പാലിക്കൽ, സുസ്ഥിരതാ രീതികളുടെ ഉപയോഗം എന്നിവ കൃത്യമായി വിലയിരുത്താൻ ഇതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

