അബൂദബി: വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് നിരക്ക് ഏകീകരിക്കാൻ അബൂദബി. ഇതിെൻറ ഭാഗമായി സ്വകാര്യ താമസകേന്ദ്രങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലുമുള്ള ഇലക്ട്രിക് വാഹന കേന്ദ്രങ്ങൾ സബ് മീറ്ററുകൾ സ്ഥാപിക്കണമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് അബൂദബി ഊർജ വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ച് എമിറേറ്റിലെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പുതിയ ചട്ടത്തിന് അനുമതി നൽകിയത്.
മീറ്റർ സ്ഥാപിക്കുന്നത് വരെ വാഹനങ്ങൾ ചാർജ് ചെയ്യാൻ മാസം 92 ദിർഹം അധികം ഈടാക്കും. മീറ്റർ സ്ഥാപിക്കാൻ ഡിസംബർ വരെ സമയം നൽകും. അബൂദബി ഡിസ്ട്രിബ്യൂഷൻ കമ്പനിയും അൽ ഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയും നിഷ്കർഷിക്കുന്ന ഏകീകൃത നിരക്കായിരിക്കും ചാർജിങ്ങിന് ഈടാക്കുക. നിലവിൽ പൊതുയിടങ്ങളിൽ 200 ചാർജിങ് യൂനിറ്റുകളാണ് ലഭ്യമായത്. ആഗസ്റ്റ് 26 മുതൽ സബ് മീറ്ററുകൾ സ്ഥാപിക്കുന്നതു വരെ അബൂദബി ഡിസ്ട്രിബ്യൂഷൻ കമ്പനി, അൽഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനി ബില്ലുകളിൽ 92 ദിർഹം ഒരു മാസത്തേക്ക് ഈടാക്കും.
സബ് മീറ്റർ സ്ഥാപിച്ചാൽ ഓരോ കിലോവാട്ട് അവറിനും 30 ഫിൽസ് ആയിരിക്കും നിരക്ക്. ഇലക്ട്രോണിക് വാഹന ഉടമകൾക്ക് www.addc.ae വെബ്സൈറ്റ് വഴിയോ www.aadc.ae വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ തുടങ്ങി.
സ്വകാര്യ ചാർജിങ് യൂനിറ്റ് ഉടമകൾക്ക് സബ് മീറ്ററുകൾ സ്ഥാപിക്കാൻ ഡിസംബർ 31 വരെയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. ഇതിനുശേഷം പിടിക്കപ്പെടുന്നവരിൽനിന്ന് പിഴ ഈടാക്കും.